അരീസോണയിൽ അജ്ഞാതൻ നിരത്തിലിറങ്ങി വെടിയുതിർത്തു, ഒരു മരണം, 12 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

Friday 18 June 2021 9:46 AM IST

ന്യൂയോർക്ക്: അമേരിക്കയിലെ അരീസോണയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അരീസോണയിലെ അടുത്തടുത്ത നിരത്തുകളിൽ അരങ്ങേറിയ വെടിവയ്പ്പ് ഒന്നര മണിക്കൂർ നീണ്ടു നിന്നു. എന്നാൽ പൊലീസ് എത്തിയപ്പോൾ യാതൊരുവിധത്തിലുള്ള എതിർപ്പും കൂടാതെ ഇയാൾ കീഴടങ്ങുകയായിരുന്നു.

കുറ്റവാളിയെകുറിച്ചുള്ള വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. "ഇയാൾ എന്തിന് ഇങ്ങനെ ചെയ്തു എന്നോ ഇയാളുടെ മാനസികാവസ്ഥ എന്തെന്നോ നമുക്ക് ഇപ്പോൾ അറിയില്ല. തീർച്ചയായും അത് കണ്ടെത്തേണ്ടതായുണ്ട്. കാരണം പ്രദേശത്തെ നിരവധി ആൾക്കാർ ഭയപ്പെട്ടിരിക്കുകയാണ്. അവരുടെ ഭയം മാറ്റണമെങ്കിൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തേണ്ടതായുണ്ട്," അരീസോണ പൊലീസ് വക്താവ് ബ്രാൻഡൺ ഷേഫാർട്ട് പത്രസമ്മളനത്തിൽ പറഞ്ഞു.

അമേരിക്കയിൽ ഇത്തരമുള്ള വെടിവയ്പ്പുകൾ പതിവാണ്. ഈയടുത്ത് കാലിഫോർണിയയിൽ ഒരു റെയിൽവേ ജീവനക്കാരൻ ഒൻപത് പേരെയും കൊളോറാഡോയിൽ ഒരു പലചരക്കു കടയിൽ നടന്ന മറ്റൊരു വെടിവയ്പ്പിൽ 10 പേരും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ വർഷം മാത്രം അമേരിക്കയിൽ വെടിവയ്പ്പുമായി ബന്ധപ്പെട്ട് 43000 പേർ മരണമടഞ്ഞിട്ടുണ്ട്.