ജനപ്രീതിയിൽ നരേന്ദ്രമോദി നമ്പർ വൺ നേതാവ്; ബൈഡനും ബോറിസ് ജോൺസണും ഏറെ പിന്നിൽ

Friday 18 June 2021 1:17 PM IST

ന്യൂഡൽഹി: ലോകത്തെ നമ്പർ വൺ നേതവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സർവേയിൽ പറയുന്നത്.

അമേരിക്കൻ ഡേറ്റ ഇന്‍റലിജൻസ് സ്ഥാപനമായ മോണിംഗ് കൺസൽറ്റ് ലോകരാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് ജനപ്രീതിയിൽ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ജനപ്രീതിയിൽ മോദിയേക്കാൾ പിന്നിലാണെന്നും സർവേ വ്യക്തമാക്കുന്നു.

നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ 66 ശതമാനം പേർ സംതൃപ്‌തി പ്രകടിപ്പിച്ചപ്പോൾ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയൻ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. മെക്‌സിക്കൻ പ്രസിഡന്‍റ് ലോപസ് ഒബ്രഡോർ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെർക്കൽ അഞ്ചാം സ്ഥാനത്തും ബൈഡൻ ആറാം സ്ഥാനത്തുമാണ്.