പ്രാണനെടുക്കുന്ന പ്രണയച്ചൂട്...

Friday 18 June 2021 2:03 PM IST

തിരുവനന്തപുരം : അവനൊന്ന് ചിരിച്ചു. അവളും. അതൊരു സൗഹൃദമായേ അവൾ കരുതിയുള്ളൂ. പക്ഷേ, അവനിൽ അത് പ്രണയമായി വളർന്നു. അവളില്ലാതെ ജീവിക്കാനാവില്ലെന്നായപ്പോൾ അവൻ തുറന്നു പറഞ്ഞു. അവൾ ചിരിച്ചുകൊണ്ട് നിരസിച്ചു. എന്നാൽ, നീയില്ലെങ്കിൽ പിന്നെ ഞാനില്ല എന്ന ചിന്തയായി അവന്. ഒടുവിൽ അവൻ രണ്ടും കല്പിച്ച് കത്തിയുമായെത്തി. അവൾ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ അവനിലെ പ്രണയവില്ലൻ കലിതുള്ളി താണ്ഡവമാടി. കത്തിമുനകളിലും മണ്ണെണ്ണയുടെയും പെട്രോളിന്റെയും തീതുപ്പിയ പുകച്ചുരുളുകളിലും പലരുടെയും പ്രാണൻ പൊലിഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പ്രണയ നൈരാശ്യത്തിന്റെയും തുടർന്നുള്ള കൊലപാതകത്തിന്റെയും നേർക്കാഴ്ചയാണിത്. ഒന്നല്ല, രണ്ടല്ല, ഇത്തരം സംഭവങ്ങൾ നിരവധിയായി. മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21കാരിയെ യുവാവ് കുത്തിക്കൊന്നതാണ് ഒടുവിലത്തെ സംഭവം. പെരിന്തൽമണ്ണ എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യയാണ് (21)കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയെ (13) പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21)പൊലീസ് അറസ്റ്ര് ചെയ്തിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്ക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹോദരി ദേവശ്രീയെയും ഇയാൾ കുത്തിപരിക്കേൽപ്പിച്ചു. ദൃശ്യ പ്രണയാഭ്യർഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് അടുത്തകാലത്തായി ഇത്തരത്തിൽ അരഡസനോളം പെൺകുട്ടികളാണ് പ്രണയക്കുരുതിക്ക് ഇരയായത്.

കേരളം ഞെട്ടിത്തരിച്ച

പ്രണയക്കൊലകൾ

2017 ജൂലൈ11

പ്രണയം നിരസിച്ചതിന് പെട്രോൾ ഒഴിച്ച ജീവനെടുക്കുന്ന സംഭവം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട കടമ്മനിട്ടയിലായിരുന്നു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സജിലെന്ന യുവാവ് വൈകുന്നേരം ഏഴു മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം വിളിച്ചു വരുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.


2019 മാർച്ച് 12

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് റേഡിയോളജി വിദ്യാർത്ഥിനിയായ റാന്നി അയിരൂർ സ്വദേശിനി കവിത വിജയകുമാർ (18)തിരുവല്ല ചിലങ്ക ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിരുദ വിദ്യാർഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു (18) അറസ്റ്റിലായി.

2019 ജൂൺ 16

വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി സൗമ്യയാണ് സഹപ്രവർത്തകന്റെ പ്രണയപ്പകയ്ക്ക് ഇരയായത്. സൗമ്യയെ കാറിടിച്ച് വീഴ്ത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പൊള്ളലേറ്റ അജാസും മരണത്തിന് കീഴടങ്ങി.

2019 ജൂൺ 17

ഇരവിപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു .വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വർക്കല സ്വദേശി ഷിനുവിനെ (25) പൊലീസ് പിടികൂടി.

2020 ജനുവരി 6

പ്രണയത്തിൽ നിന്ന് പെൺകുട്ടി പിൻമാറിയതിന്റെ പകപോക്കലാണ് വെള്ളറടയിലുണ്ടായത്. കാരക്കോണം സ്വദേശി അഷിതയും (21) കാരക്കോണം സ്വദേശി അനുവുമാണ് മരിച്ചത്. അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഓട്ടോ ഡ്രൈവറായിരുന്ന അനുവും സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.

2020 ജനുവരി 7

കൊച്ചി മരടിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർത്ഥിനി കലൂർ താന്നിപ്പളളി വീട്ടിൽ ഗോപികയെ(ഇവ -17)​കൊലപ്പെടുത്തി വാൽപ്പാറയിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.പ്രേമബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യമായിരുന്നു കാരണം. കാമുകൻ വെട്ടൂർ സ്വദേശി സഫ‌ർഷായെ (26)​ തമിഴ്നാട് ഷേക്കൽമുടി പൊലീസ് അറസ്റ്റ് ചെയ്തു.

#വിവാഹത്തിന് മുമ്പ് കൗൺസലിംഗ്

വനിതാ കമ്മിഷൻ ശുപാർശ

പ്രണയ നൈരാശ്യംകാരണമുള്ള കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതൊഴിവാക്കാനും വിവാഹജീവിതം ധന്യമാക്കാനും സംസ്ഥാനത്ത് പ്രീ മാരിറ്റൽ (വിവാഹ പൂർവ്വ) കൗൺസലിംഗ് നിർബന്ധമാക്കാൻ നീക്കം. വനിതാ കമ്മിഷനാണ് സാമൂഹ്യനീതി വകുപ്പിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സാമൂഹ്യനീതി വകുപ്പിന് കൈമാറുന്ന വാർഷിക റിപ്പോർട്ടിനൊപ്പം പ്രീ മാരിറ്റൽ കൗൺസലിംഗുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള നിർദ്ദേശവും കമ്മിഷൻ സർക്കാരിന് കൈമാറും.

സംസ്ഥാനത്ത് ദിനംപ്രതി പെരുകുന്ന ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്നാണ് വനിതാ കമ്മിഷൻ സർക്കാരിന് മുന്നിൽ ഇത്തരമൊരു നിർദ്ദേശം വച്ചത്. വ്യത്യസ്തമായ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ളവർ ഒരു കുടുംബ ബന്ധത്തിന് തയാറാകും മുമ്പ് അവർ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. വിവാഹം രജിസ്‌റ്റർ ചെയ്യുമ്പോൾ പ്രീ മാരിറ്റൽ കൗൺസലിംഗ് കഴിഞ്ഞതിന്റെ രേഖകൾ കൂടി രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കമ്മിഷൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴ്സിൽ പങ്കെടുക്കാത്തവർക്ക് രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് നിർദ്ദേശം.

#മാറേണ്ടത് മനാേഭാവം:

ഷാഹിദാ കമാൽ

നിയമങ്ങളല്ല പുതു തലമുറയുടെ മനോഭാവമാണ് മാറേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അഭിപ്രായപ്പെട്ടു. പ്രണയനൈരാശ്യം കാരണമുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടെ മാറ്റം കൊണ്ടുവരണം.

പെൺകുട്ടികൾക്കെതിരെ ക്രൂരമായ അതിക്രമങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ അരങ്ങേറുമ്പോൾ അതിനെയൊക്കെ ശക്തമായ ഭാഷയിൽ അപലപിക്കുന്ന കേരളത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് ഉണ്ടാകുന്നത്. നമ്മുടെ വീടുകളിൽ നിന്നാണ് ഇതിനെതിരായ തു

ടക്കം കുറിക്കേണ്ടത്. നിയമങ്ങളിലല്ല, പുതു തലമുറയുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. തകർന്ന കുടുംബബന്ധങ്ങളാണ് ഇന്ന് ഭൂരിപക്ഷം അണുകുടുംബങ്ങളിലും കാണാൻ കഴിയുന്നത്. വനിതാ കമ്മിഷനും കുടുംബകോടതിക്കും മുന്നിൽ നിൽക്കുന്ന അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ പ്രായവും എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. വീട്ടിൽ നിന്ന് തുടങ്ങുന്നത് സ്‌കൂളുകളിലേക്ക് നീളണം. പാഠ്യപദ്ധതിയിൽ ഉൾപ്പടെ വലിയ തോതിലുള്ള മാറ്റം വരേണ്ടതുണ്ട്.

ഇന്നത്തെ പ്രണയങ്ങളെല്ലാം ശാരീരിക അടുപ്പങ്ങളായി മാറുകയാണ്. രണ്ട് പേർ തമ്മിൽ അടുത്തറിഞ്ഞ ശേഷമാണ് പണ്ട് പ്രണയമുണ്ടാകുന്നത്. എന്നാൽ, ഇന്ന് മനുഷ്യൻ മനുഷ്യനെ കാണാതെയുള്ള സോഷ്യൽ മീഡിയ വഴിയുള്ള പ്രണയം അപകടങ്ങൾ വിളിച്ച് വരുത്തുന്നു. വീട്ടുകാർ തമ്മിലുള്ള ആശയവിനിമയത്തിന്റെ കുറവാണ് മറ്റൊരു അപകടം. മുമ്പ് വീട്ടിലെ മുതിർന്നവർ മുതൽ കുട്ടികൾ വരെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതുമെല്ലാം. എന്നാൽ, ഇന്ന് അവനവന്റെ സ്വകാര്യതയ്ക്കാണ് കുടുംബത്തിൽ എല്ലാവരും പ്രാധാന്യം നൽകുന്നത്.

#പ്രണയ സാക്ഷരത വേണം

പ്രണയ അക്രമണങ്ങൾ പോലുള്ള സംഭവങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നത് ഗൗരവകരമായ സംഗതിയാണ്. രക്ഷകർത്താക്കളും കുഞ്ഞുങ്ങളും തമ്മിൽ ആരോഗ്യകരമായ ആശയവിനിമയം ഉണ്ടാകണം. ഒരു ചെറിയ കാര്യം പോലും മാതാപിതാക്കളോട് പറയാൻ അവരെ പാകപ്പെടുത്തിയെടുക്കണം. അവരെ നമ്മൾ ശ്രദ്ധിക്കുന്നു എന്ന തോന്നൽ ഉണ്ടാകണം. ജോലി തിരക്കുകൾക്കിടയിൽ തങ്ങളുടെ കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് സമ്പാദിക്കുന്നത് എന്ന തോന്നൽ ഓരോരുത്തരുടെയും ഉള്ളിലുണ്ടാകണം. പല സംഭവങ്ങളെയും സ്മാർട്ട് ഫോൺ വില്ലനാക്കി ചിത്രീകരിക്കപ്പെടുകയാണ്. യഥാർത്ഥത്തിൽ സാങ്കേതിക വിദ്യ മാത്രമല്ല കുറ്റക്കാരൻ.സാങ്കേതിക വിദ്യയെ നമുക്ക് ഒഴിച്ച് നിറുത്താൻ കഴിയില്ല. പക്ഷേ, ഒരു നിയന്ത്രണം എല്ലാ കാര്യത്തിലും ഉണ്ടാകേണ്ടതുണ്ട്. സമ്പൂർണ സാക്ഷരത എന്നതിനോടൊപ്പം 'പ്രണയ സാക്ഷരത' സമൂഹത്തിൽ ഉണ്ടാകണം. ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങൾ പരിഗണന വിധേയമാക്കണം. ലൈംഗിക വിദ്യാഭ്യാസം എന്നത് വിമുഖതയോടെ കൈകാര്യം ചെയ്തിരുന്ന കാലം പോയി.

ഡോ. മോഹൻ റോയ്,

മനഃശാസ്ത്ര വിദഗ്ദ്ധൻ

Advertisement
Advertisement