മുറി നിറയെ സമ്മാനങ്ങളുമായി ഉത്രജ

Saturday 19 June 2021 12:00 AM IST

ചങ്ങനാശേരി: സമ്മാനങ്ങൾ വയ്ക്കാൻ ഒരു മുറി തന്നെ വേണം ഈ ഒൻപതാം ക്ളാസുകാരിക്ക് . യു.കെ.ജി. മുതൽ ഇതുവരെ വിവിധ മൽസരങ്ങളിൽ ലഭിച്ച മെമന്റോകളും ട്രോഫികളും മെഡലുകളും അത്രയ്ക്കുണ്ട്. ചങ്ങനാശേരി മോർക്കുളങ്ങര പുതുപറമ്പിൽ ജെമനി തങ്കപ്പന്റെയും അനില ജമനിയുടെയും ഇളയമകളായ ഉത്രജ കോട്ടയം ബെൽ മൗണ്ട് സ്‌ക്കൂളിലെ വിദ്യാർത്ഥിനിയാണ് .

കവിതാപാരായണം, ഉപന്യാസം, പെയിന്റിംഗ് , ക്ലാസിക്കൽ ഡാൻസ് , നാടോടി നൃത്തം തുടങ്ങി വിവിധ ഇനങ്ങളിൽ ഒട്ടേറെ മൽസരവേദികളിൽ മാറ്റുരച്ചിട്ടുണ്ടെങ്കിലും പ്രസംഗകലയോടാണ് ഉത്രജയ്ക്ക് ഏറെ ഇഷ്ടം. വിഷയം ശ്രീനാരായണ ദർശനമാണെങ്കിൽ പിന്നെ പറയാനുമില്ല. ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് നടക്കാറുള്ള അഖില കേരള മത്സരങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് യു.കെ.ജി മുതൽ യു.പി തലം വരം മലയാളം, ഇംഗ്ലീഷ് പ്രസംഗങ്ങളിൽ എല്ലാ തവണയും മെഡൽ നേടിയിട്ടിണ്ട്. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ അഖില കേരള മലയാളം പ്രസംഗ മത്സരത്തിൽ മൂന്നുവർഷമായി ഒന്നാം സമ്മാനവും ഗോൾഡ് മെഡലും ഉത്രജയ്ക്കാണ്. കോട്ടയത്ത് വിവിധ സംഘടനകൾ നടത്തിയിട്ടുള്ള പെയിന്റിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ, നാടോടി നൃത്തത്തിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം. ഗ്രൂപ്പ് ഡാൻസ് ജില്ലാതലം ഒന്നാം സ്ഥാനം. കോട്ടയം ജവഹർ ബാലഭവന്റെ മത്സരങ്ങളിൽ കവിതാ പാരായണം, പ്രസംഗം, ക്ലാസിക്കൽ ഡാൻസ് , നാടോടി നൃത്തം, പെയിന്റിംഗ് , മലയാളം, ഇംഗ്ലീഷ് പ്രസംഗം എന്നിവയിൽ എ ഗ്രേഡ്... അങ്ങിനെ പോകുന്നു സമ്മാനങ്ങളുടെ പട്ടിക.

ശ്രീനാരായണ ദർശനത്തിന്റെ പ്രചാരണാർത്ഥം കേരളത്തിലെ നിരവധി വേദികളിൽ ഗുരുദേവ ദർശനവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ നടത്തിയിട്ടുമുണ്ട് ഈ മിടുക്കി.

Advertisement
Advertisement