ആ സമയം ഉടൻ വരും ,​ സ്കൂളുകൾ തുറക്കുന്നതിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

Friday 18 June 2021 11:04 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകൾ എങ്ങു തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ അദ്ധ്യാപകരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കൊവിഡ് ബാധിക്കുന്നതിനെക്കുറിതച്ചുള്ള പഠനഫലങ്ങൾ ലഭ്യമായതിനും ശേഷമേ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആ സമയം ഉടൻ വരും. വിദേശരാജ്യങ്ങളിൽ എങ്ങനെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്‌ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. അദ്ധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താൻ നാം ആഗ്രഹിക്കുന്നില്ലെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാമാരിക്ക് നമ്മെ മുറിവേൽപിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകൾ തുറക്കാനാവില്ലെന്നും പോൾ പറഞ്ഞു.

പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലും കൊവിഡിന് എതിരായ ആന്റിബോഡികൾ രൂപപ്പെട്ടുവെന്നും അതിനാൽ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കിൽ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സർവേയുടെ പശ്ചാത്തലത്തിലാണ് പോളിന്റെ പരാമർശം. വൈറസ് രൂപം മാറുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളിൽ കൊവിഡിന്റെ തീവ്രത കുറവാണ്, എന്നാൽ നാളെ ഗുരുതരമായാൽ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.