കച്ചവടത്തട്ടിൽ തൂക്കക്കുറവ്, അന്യമാകുന്നു ചൂരൽ നെയ്ത്ത്

Saturday 19 June 2021 12:26 AM IST

ചൂരൽ നെയ്ത്ത് തൊഴിൽ മേഖല പ്രതിസന്ധിയിൽ

പൂച്ചാക്കൽ: പഴയകാലത്ത് ഒട്ടുമിക്ക വീടുകളിലും പ്രൗഢിയോടെ നിറഞ്ഞുനിന്നിരുന്ന ചൂരൽ ഉത്പന്നങ്ങൾ, കാലംമാറിയപ്പോൾ ആഡംബര ഇനമാവുകയും വില കൂടുകയും ചെയ്തതോടെ ചൂരൽ നെയ്ത്തു തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. വീട്ടു സാമഗ്രികൾ പ്ലാസ്റ്റിക്കിനും ഫൈബറിനും സ്റ്റീലിനുമൊക്കെ വഴിമാറിയതിനാൽ ചൂരൽ നെയ്ത്ത് തൊഴിൽ തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ്.

സാംബവർ, പറയർ, പാക്കനാർ വിഭാഗങ്ങളിൽപ്പെടുന്നവരാണ് നാട്ടിൻപുറങ്ങളിൽ ചൂരലും ഈറ്റയും ഉപയോഗിച്ചുള്ള വീട്ടു സാധനങ്ങൾ നിർമ്മിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങളായ കസേരകൾ, മുറം, ചോറ്റുകുട്ട, വാൽക്കൊട്ട, ചിരട്ട കൈൽ, പുട്ടുകുറ്റി (മുളങ്കുറ്റി), നാഴി, അടുക്കളയിൽ ഇരിക്കാൻ ഉപയോഗിക്കുന്ന പുട്ടി, ഉമ്മറത്തും പിന്നാമ്പുറത്തും തൂക്കിയിടുന്ന ഈറ്റ കർട്ടൻ, തൊട്ടിൽ, കട്ടിൽ തുടങ്ങിയവയൊക്കെ നെയ്ത്തുകാരുടെ
കരവിരുതിന്റെ സൃഷ്ടികളാണ്.

ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരാണ് ഇപ്പോൾ ഗ്രാമങ്ങളിൽ കാണുന്ന പറയ കുടംബങ്ങൾ. സർപ്പക്കാവുകളിൽ നിന്നു ചൂരലും ഈറ്റയും വെട്ടിയെടുത്ത് ഗൃഹോപകരണങ്ങളുണ്ടാക്കി വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത്. എന്നാൽ പുതിയ തലമുറ കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറുകയാണ്. അരിച്ചൂരൽ, ഐരണി, മലഞ്ചൂരൽ, നാട്ടുചൂരൽ എന്നിങ്ങനെ നാലിനങ്ങളാണ് ഫർണിച്ചറുകൾക്ക് ഉപയോഗിക്കുന്നത്. മാലിദ്വീപിൽ നിന്നും ചൈനയിൽ നിന്നുമാണ് ചൂരൽ വളളികൾ എത്തിക്കുന്നത്. മലഞ്ചൂരലും നാട്ടുചൂരലും വള്ളിയാക്കാൻ വലിയതോതിൽ മനുഷ്യ പ്രയത്നവും ശ്രദ്ധയും ആവശ്യമുള്ളതിനാൽ മാർക്കറ്റിൽ നിന്നു ചൂരൽ വള്ളി വാങ്ങുകയാണ് പതിവ്. 750 രൂപയാണ് ഒരു കിലോ ചൂരൽ വള്ളിയുടെ വില. ഒരു സെറ്റി പണിയാൻ രണ്ടു കിലോ വേണം, അഞ്ചു ദിവസത്തെ പ്രയത്നവും. ഏകദേശം 5000 രൂപയാണ് ഇതിന് വിലയിടുന്നത്.

........................................

അൻപത് വർഷമായി ചൂരൽ നെയ്ത്താണ്. സാധാരണക്കാരുടെ വീടുകളിൽ ചൂരൽ ഉത്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞതിനാൽ ഞങ്ങളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഈ തൊഴിൽ മേഖല സംരക്ഷിക്കാൻ നടപടിയെടുക്കണം

ദാസൻ (ചൂരൽ നെയ്ത്തുകാരൻ)

ഉരുവങ്കുളത്ത് വെളി, പാണാവള്ളി

ചൂരൽ ഫർണ്ണിച്ചറുകൾക്ക് വില താരതമ്യേന കൂടുതലായത് കൊണ്ട് സാധാരണക്കാർക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളോടാണ് ആഭിമുഖ്യം. പ്രൗഢിയും ഗുണനിലവാരവും നോക്കുന്നവരാണ് ചൂരൽ ഫർണിച്ചറുകൾ വാങ്ങുന്നത്

ബിജുദാസ്. എസ്.കെ.ഫർണ്ണീച്ചർ

പള്ളിപ്പുറം.

Advertisement
Advertisement