മറ്റ് വാക്സിൻ നിർമ്മാതാക്കൾക്ക് ബൂസ്റ്റർ ഷോട്ട് നൽകും: സ്പുട്നിക്

Saturday 19 June 2021 12:00 AM IST

മോസ്കോ : ഇന്ത്യയിൽ കണ്ടു വരുന്ന കൊവിഡ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ സ്പുട്‌നിക് വിയുടെ ബൂസ്റ്റര്‍ ഷോട്ട് ഉടന്‍ ലഭ്യമാകുമെന്ന് സ്പുട്‌നിക് വിയുടെ നിര്‍മാതാക്കളായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അവകാശപ്പെട്ടു. മറ്റ് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും ഈ ബൂസ്റ്റര്‍ ഷോട്ട് ലഭ്യമാക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. എന്നാൽ ഈ ബൂസ്റ്റര്‍ ഷോട്ടുകള്‍ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച നിര്‍മാതാക്കളുടെ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.

ആര്‍.ഡി.ഐ.എഫിന്റെ പിന്തുണയോടെ ഗമേലിയ നാഷണല്‍ സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയാണ് സ്പുട്‌നിക് വി വികസിപ്പിച്ചത്. ഏപ്രിലിലാണ് ഇന്ത്യയില്‍ സ്പുട്‌നിക് വിയുടെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നല്‍കിയത്. വാക്സിൻ ഫലപ്രാപ്തി വര്‍ധിപ്പിക്കാൻ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്ന് സ്പുട്‌നിക് വിയുടെ നിര്‍മാതാക്കള്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയിൽ കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകാനുള്ള കാരണം ഡെല്‍റ്റ വകഭേദമാണെന്നാണ് ആരോഗായ വിദഗ്ധരുടെ വിലയിരുത്തൽ.

Advertisement
Advertisement