മൂന്നാംതരംഗത്തിൽ കൂടുതൽ മാരക വൈറസുകൾക്ക് സാദ്ധ്യത

Saturday 19 June 2021 12:36 AM IST

തിരുവനന്തപുരം : കൊവിഡ് മൂന്നാംതരംഗമുണ്ടായാൽ ജനിതകമാറ്റം വന്ന അതിവ്യാപന ശേഷിയുള്ള കൂടുതൽ വൈറസുകൾ പടരാൻ സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. നിലവിലുള്ള ഡെൽറ്റാ വൈറസിനെക്കാൾ മാരകമായ വൈറസുകൾ പടരാൻ സാദ്ധ്യതയുണ്ട്. മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആരോഗ്യവിദഗ്ദ്ധരുടെ വിവിധ അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഏറ്റവും മോശം സാഹചര്യത്തെ നേരിടാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. അതിനാൽ കർശനമായ രീതിയിൽ മുൻകരുതലുകൾ സ്വീകരിക്കണം.

മൂന്നാം തരംഗത്തിൽ കുട്ടികളുടെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തും. മെഡിക്കൽ കോളേജ് ആശുപത്രികളിൽ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യുവിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുകയോ ചെയ്യും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിൽ എച്ച്.ഡി.യു (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്) സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.