വാക്‌സിൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറരുത് : മുഖ്യമന്ത്രി

Saturday 19 June 2021 12:42 AM IST

തിരുവനന്തപുരം : വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണമെന്നും വാക്‌സിൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറി​യി​പ്പ് നൽകി​. വാക്‌സിൻ ലഭിക്കുന്നില്ലെന്ന ഭീതി വേണ്ട. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിച്ചാൽ രോഗബാധയുണ്ടാകും. സംസ്ഥാനത്ത് 40 ശതമാനം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിൻ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ വാക്‌സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമാണെന്ന വാർത്തകൾ പ്രത്യാശ നൽകുന്നു. 12 മുതൽ 18 വയസു വരെയുള്ളവർക്ക് അമേരിക്കയിൽ വാക്‌സിനേഷൻ തുടങ്ങി എന്നാണ് വിവരം.

 ഒരു ബ്ലാക്ക് ഫംഗസ് കേസ് കൂടി

സംസ്ഥാനത്ത് പുതിയതായി ഒരു ബ്ലാക്ക് ഫംഗസ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 50 പേർ ചികിത്സയിലാണ്. 8 പേർ രോഗമുക്തരായി. 15 പേർ മരണപ്പെട്ടു.