മൂന്നാം തരംഗമുണ്ടായാൽ കുട്ടികൾക്ക് ആശങ്ക വേണ്ടെന്ന് പഠനം

Sunday 20 June 2021 1:06 AM IST

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗമുണ്ടായാലും കുട്ടികളെ ഗുരുതരമായി ബാധിക്കാനിടയില്ലെന്ന് ലോകാരോഗ്യ സംഘടന ഡൽഹി എയിംസിന്റെ സഹായത്തോടെ നടത്തിയ പഠനത്തിൽ വ്യക്തമായി. രാജ്യത്ത് ഡൽഹി അടക്കം അഞ്ച് നഗരങ്ങളിൽ 2-17 പ്രായ പരിധിയിലുള്ള 10,000 കുട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 4500 കുട്ടികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴുള്ള ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

വൈറസ് കുട്ടികളെ കൂടുതലായി ബാധിക്കാനിടയുള്ളതായി തെളിഞ്ഞില്ലെന്ന് പഠനത്തിൽ സഹകരിക്കുന്ന ഹൈദരാബാദ് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയിലെ ഡോ. രാകേഷ് മിശ്ര പറഞ്ഞു. രോഗം മുമ്പ് ബാധിക്കാത്തവരിലും വാക്‌സിൻ എടുക്കാത്തവരെയുമാണ് വൈറസ് ലക്ഷ്യമിടുന്നതെന്നും ഡോക്ടർ പറഞ്ഞു. അതിനാൽ ഏത് പ്രായക്കാർക്കും കൊവിഡ് ബാധിക്കാം. മൂന്നാം തരംഗമുണ്ടായാൽ ഈ വിഭാഗക്കാരാണ് സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് മരണം 2000ന് താഴെ

രാജ്യത്ത് ഇന്നലെ 62,480 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്ക് ഏറെ ദിവസങ്ങൾക്ക് ശേഷം 2000ന് താഴെയെത്തി (1587).

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,98,656 ആയി കുറഞ്ഞു. 88,977 പേർ കൂടി സുഖം പ്രാപിച്ചു.

Advertisement
Advertisement