പിണങ്ങിപ്പോയ ഭർത്താവിനെ തേടി19കാരിയുടെ 'പ്രയാണം", ഒപ്പം പൊലീസും,​ ഒടുവിൽ എല്ലാം ശുഭം...

Saturday 19 June 2021 12:34 AM IST

ലുധിയാന: വഴക്കിട്ട് പിണങ്ങി ജോലിസ്ഥലത്തേക്ക് പോയ ഭർത്താവിനെ തേടി 19 കാരിയുടെ രഹസ്യയാത്ര. അതും വീട്ടുകാരറിയാതെ. ഭർത്താവിന്റെ ഫോൺ നമ്പരോ, ജോലി സ്ഥലത്തെ അഡ്രസോ കൈയിലില്ലാതെ നടത്തിയ യാത്രയിൽ തുണയായത് പൊലീസ്. ഏഴുമണിക്കൂറിനുള്ളിൽ ഭർത്താവിനെ തേടിപ്പിടിച്ച് യുവതിക്കരികിൽ എത്തിച്ചു. പിണക്കങ്ങളൊക്കെ പറഞ്ഞുതീർത്ത് ഇരുവരെയും ഒന്നിപ്പിച്ചു.

ജൂൺ 13നാണ് സ്വദേശമായ പാട്നയിൽ നിന്ന് യുവതി യാത്ര പുറപ്പെട്ടത്. കൈയിൽ പണമോ യാത്രാടിക്കറ്റോ ഇല്ലാതെ ഞായറാഴ്ച ലുധിയാനയിലെത്തി. എന്നാൽ ഭർത്താവിനെ തേടി എവിടേക്ക്, എങ്ങനെ പോകണമെന്നറിയില്ല.

ഭർത്താവിനെ തേടി പട്നയിൽ നിന്നാണ് പെൺകുട്ടി ലുധിയാനയിലേക്ക് ഒറ്റയ്ക്ക് പുറപ്പെട്ടത്. കൈയിൽ മൊബൈൽ ഫോണുമില്ല. ലുധിയാനയിലെ താബ്രി പ്രദേശത്തുള്ള ഫാക്ടറിയിലാണ് ഭർത്താവ് ജോലി ചെയ്യുന്നതെന്നാണ് ആകെ അറിയാവുന്നത്.

വിശന്ന വലഞ്ഞ് അലഞ്ഞുതിരിഞ്ഞ് ക്ഷീണിച്ച യുവതിയെ കണ്ട ബുദ്ധ്‌ദേവ് എന്ന പ്രദേശവാസിയാണ് സഹായത്തിന് മുൻകൈ എടുത്തത്. ബുദ്ധദേവ് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും താമസിക്കാനിടവും കൊടുത്തു. അടുത്ത ദിവസം പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിവരം ധരിപ്പിച്ചു. പൊലീസ് കമ്മീഷണറായ പ്രഗ്യാ ജെയിൻ എല്ലാ സഹായവും അവർക്ക് വാഗ്ദാനം ചെയ്തു. ഭർത്താവിനെ കണ്ടെത്തുന്നതു വരെ താമസിക്കാനുള്ള സ്ഥലവും നൽകി.

അഞ്ച് വർഷം മുമ്പാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും രണ്ട് കുട്ടികളുണ്ടെന്നും യുവതി പറഞ്ഞു. ഭർത്താവുമായി പിണങ്ങിയതിനെ തുടർന്ന് യുവതിയെ ഭർത്താവ് പാട്നയിലെ സ്വന്തം വീട്ടിലേക്ക് അയച്ചു. ഇനി ഒരിക്കലും തിരിച്ച് ബിഹാറിലെ ഭർതൃഗൃഹത്തിലേക്ക് മടങ്ങരുതെന്ന് പറഞ്ഞ് ലുധിയാനയിലെ ജോലിസ്ഥലത്തേക്ക് പോയി. ഇതോടെയാണ് യുവതി ഭർത്താവിനെ തേടിയിറങ്ങിയത്.

മാതാപിതാക്കളോടോ ബന്ധുക്കളോടോ പോലും പറയാതെയാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. ഭർത്താവിന്റേതെന്ന് പറഞ്ഞ ഫോൺ നമ്പർ തെറ്റായിരുന്നു. പൊലീസ് അന്വേഷണത്തിലൂടെ ശേഖരിച്ച നിരവധി ചിത്രങ്ങളും മറ്റും കാണിച്ചാണ് അവർ ഭർത്താവിനെ തിരിച്ചറിഞ്ഞത്. ലുധിയാനയിലെ ഒരു ഇരുമ്പ് ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനെ ഏഴ് മണിക്കൂറിനുള്ളിൽ പൊലീസ് യുവതിക്കൊപ്പമെത്തിച്ചു.

യുവതിയെ സ്വീകരിക്കാൻ ആദ്യം ഭർത്താവ് വിസമ്മതിച്ചുവെങ്കിലും ഇരുവരും കൗൺസിലിംഗിന് വിധേയരാക്കി. തുടർന്ന് ഒന്നിച്ച് ജീവിക്കുമെന്ന് ഉറപ്പുപറഞ്ഞാണ് ഇരുവരും പൊലീസ് സ്‌റ്റേഷനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.