പ്രണയമോ രക്തദാഹമോ?

Saturday 19 June 2021 1:50 AM IST

ഒരു യുവാവിന് ഏതെങ്കിലുമൊരു പെൺകുട്ടിയോടു പ്രണയം തോന്നുന്നതും അതു പ്രകടിപ്പിക്കുന്നതും അസാധാരണമല്ല. ലോകമുണ്ടായ കാലം മുതൽ നടന്നുവരുന്ന കാര്യമാണത്. എന്നാൽ പ്രണയഭംഗമുണ്ടാകുമ്പോൾ ജീവനെടുക്കുന്ന കിരാത നടപടി അത്യപൂർവമാണ്. ഇത്തരം മഹാപാതകത്തിനു സാക്ഷികളാകേണ്ടി വരുന്ന നിസഹായരായ കുടുംബത്തിനോ അവർ ഉൾക്കൊള്ളുന്ന സമൂഹത്തിനോ ഒരിക്കലും അംഗീകരിക്കാനാകാത്തതാണ് ഇതുപോലുള്ള പൈശാചിക സംഭവങ്ങൾ. വ്യാഴാഴ്ച പ്രഭാതത്തിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഏലംകുളത്ത് രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയായ ദൃശ്യ എന്ന ഇരുപത്തൊന്നുകാരി സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കവെ കുത്തേറ്റു മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം ഇപ്പോഴും . ദൃശ്യയുടെ സമപ്രായക്കാരനും മുൻ സഹപാഠിയുമായ വിനീഷ് വിനോദ് എന്ന ചെറുപ്പക്കാരനാണ് കേസിലെ പ്രതി. ഓട്ടോ തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് അക്രമിയെ കൈയോടെ പിടികൂടി പൊലീസിൽ ഏല്പിക്കാൻ കഴിഞ്ഞത്. ദൃശ്യയെ അക്രമിയിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുജത്തി ദേവശ്രീക്കും ഗുരുതരമായ നിലയിൽ മുറിവേറ്റിരുന്നു. ആ കുട്ടി ചികിത്സയിലാണ്. ദൃശ്യയുടെ ദേഹത്ത് ഇരുപതിലധികം മുറിവുകളേറ്റിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്രമി എത്രമാത്രം കഠിന ഹൃദയനും എന്തുചെയ്യാനും മടിയില്ലാത്തവനുമാണെന്നതിന് ഇതിലപ്പുറം തെളിവൊന്നും വേണ്ട. തലേ രാത്രി പെൺകുട്ടിയുടെ അച്ഛന്റെ കട അക്രമി തീവച്ചു നശിപ്പിച്ച ശേഷമാണ് പുലർച്ചെ കത്തിയുമായി വീട്ടിലെത്തിയതത്രെ. പുലർച്ചെ തന്നെ പെൺകുട്ടിയുടെ പിതാവിനെയും ബന്ധുക്കളെയും വീട്ടിൽ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കട തീവയ്പു സംഭവത്തെ കാണുന്നത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സമാനമായ ഒട്ടേറെ അരുംകൊലകൾ സംസ്ഥാനത്ത് മുൻപും ഉണ്ടായിട്ടുണ്ട്. പട്ടാപ്പകൽ നടുറോഡിൽ വച്ചും ആളൊഴിഞ്ഞ വഴികളിൽ വച്ചും എന്തിന് കലാശാല വളപ്പിൽ വച്ചുപോലും പെൺകുട്ടികൾ കശ്മലന്മാരുടെ ദുഷ്ടചെയ്തികൾക്കിരയായി പരലോകം പൂകിയിട്ടുണ്ട്. കേരളത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ആസിഡ് ആക്രമണം പോലും നടന്നിട്ടുണ്ട്.

പ്രണയഭംഗത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും മനഃസാക്ഷിയുള്ളവരെ ശരിക്കും ഞെട്ടിക്കാറുണ്ട്. ചിന്തിപ്പിക്കാറുമുണ്ട്. അതേപ്പറ്റി കാര്യമായ ചർച്ചകളോ പഠനങ്ങളോ നടക്കാറില്ലെന്നതാണു നേര്. പ്രണയം പരമ പവിത്രമാണെന്നും പ്രണയിക്കുന്നവരെ നോവിക്കാൻ ആരും ആഗ്രഹിക്കാറില്ലെന്നുമാണ് സമൂഹത്തിന്റെ പൊതുവെയുള്ള നിരീക്ഷണം . പക്ഷെ ഓരോ വ്യക്തിയിലും പ്രണയത്തോടുള്ള കാഴ്‌ചപ്പാട് വ്യത്യസ്തമാകാം. മനസിന്റെ കാഠിന്യവും വളരുന്ന സാഹചര്യവുമൊക്കെ അതിനെ സ്വാധീനിച്ചെന്നു വരാം. മുൻകാലങ്ങളിൽ പ്രണയം ശരിക്കും ആരാധനയുടെ തലത്തിലായിരുന്നു. ഗൂഢപ്രണയവുമായി ജീവിച്ചവരും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സുമംഗലിയായിപ്പോകുന്ന കാമുകിയെ മറക്കാൻ ശ്രമിച്ച് വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമൊക്കെ കഥകളിലും സിനിമകളിലും സമൂഹത്തിലും ഉണ്ടായിരുന്നു. കാലം മാറിയതോടെ പ്രണയസങ്കല്പങ്ങളിലും വലിയ മാറ്റം വന്നു. പ്രണയത്തിൽ പ്രായോഗിക വശത്തിനും സുരക്ഷിതത്വത്തിനും വലിയ പങ്കു വന്നുചേർന്നിരിക്കുന്നു. എന്നാൽ അത്തരത്തിൽ ശാന്തമായി ചിന്തിക്കാത്തവരും മനുഷ്യത്വമില്ലാത്തവരുമാണ് പലപ്പോഴും സമൂഹത്തെ ഞെട്ടിക്കുന്ന ക്രൂരതകൾ ചെയ്യുന്നത്.

എന്തിനെയും ഏതു വിധേനയും സ്വന്തമാക്കുക, അതിന് ഏതു കുമാർഗവും സ്വീകരിക്കുക എന്ന പ്രാകൃത ചിന്താഗതിയാണ് പലപ്പോഴും യുവാക്കളുടെ മനോനില തകർക്കുന്നത്. ജന്മനാ കുറ്റവാസനയുള്ളവരാണെങ്കിൽ അത് കൊടുംകുറ്റകൃത്യമായി മാറും. അത്തരം നിഷ്ഠൂരതകളാണ് വലിയ വാർത്താപ്രാധാന്യം നേടുന്നത്.

ഓരോ സംഭവം നടക്കുമ്പോഴും ഇനി ഇതുപോലുള്ള ഒന്ന് കാണാൻ ഇടയാകല്ലേ എന്നു പ്രാർത്ഥിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. അത്രയധികം മനോവേദനയുണ്ടാക്കുന്ന അരും കൊലകളാണിതൊക്കെ. ഇഷ്ടക്കേട് തുറന്നു പറഞ്ഞതിന്റെ പേരിലോ വിവാഹാഭ്യർത്ഥന തള്ളിക്കളഞ്ഞതിന്റെ പേരിലോ അതുവരെ മനസിൽ വിഗ്രഹം പോലെ പ്രതിഷ്ഠിച്ചു പൂജിച്ചുവന്ന പെൺകുട്ടിയെ നിഷ്ഠൂരമാംവിധം കൊലപ്പെടുത്തിയതിനു പിന്നിലെ ദുഷ്ടമനോഭാവം സാധാരണക്കാർക്കു മനസിലാകുന്നതല്ല. സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി സ്വാധീനം ഇതുപോലുള്ള എല്ലാ കുറ്റകൃത്യങ്ങളുടെ പിന്നിലും ഒളിഞ്ഞിരിപ്പുണ്ട്. പെരിന്തൽമണ്ണയിൽ യുവതിയെ വകവരുത്താനെത്തിയ യുവാവ് സ്കൂൾ പഠനകാലത്തു തന്നെ കഞ്ചാവ് ഉപയോഗത്തിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു എന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കഞ്ചാവുൾപ്പെടെ ലഹരി പദാർത്ഥങ്ങൾ തലയ്ക്കു പിടിക്കുമ്പോൾ കാണിക്കുന്നതും ചെയ്യുന്നതുമെന്തെന്ന് അക്രമത്തിനു തുനിയുന്നവർ അറിയണമെന്നില്ല. ലഹരിയാണ് അവരുടെ ഉപബോധ മനസിനെ നയിക്കുന്നത്. വിവാഹാലോചനയുമായി രണ്ടുമാസം മുമ്പ് ദൃശ്യയുടെ വീട്ടിലെത്തിയ അക്രമിയെ മടക്കി അയച്ചതിന്റെ പകയും അയാളിൽ പ്രതികാരാഗ്നി വളർത്തിയിരിക്കണം. പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നതിനെതിരെ പൊലീസിലും പരാതി നൽകിയിരുന്നു. പൊലീസ് താക്കീതും ചെയ്‌തിരുന്നു. ഇങ്ങനെയുള്ള കേസുകളിൽ ശല്യക്കാരായ യുവാക്കളെ താക്കീതു ചെയ്താൽ മാത്രം പോരെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടതായി കണ്ടു. പരാതി ലഭിച്ചിട്ടും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് വിമർശിച്ചിട്ടുമുണ്ട്. എന്നാൽ പൊലീസ് മാത്രം വിചാരിച്ചാൽ തടയാനാവുന്ന സാമൂഹ്യ വിപത്തല്ല ഇതെന്ന് ഓർക്കണം. സമൂഹത്തിനും വലിയ റോളുണ്ട്. കുറ്റവാളികൾക്ക് പരമാവധി കടുത്ത ശിക്ഷ നൽകാനും കഴിയണം. നിയമത്തിന്റെ ഒരുതരത്തിലുള്ള ആനുകൂല്യവും ഇങ്ങനെയുള്ള നരാധമന്മാർക്ക് ലഭിക്കുകയുമരുത്.

Advertisement
Advertisement