തർക്കത്തിനിടെ ഓടിവന്ന് മനുവിന്റെ കൈപ്പത്തി ജോമോൾ വെട്ടിമാറ്റുകയായിരുന്നു, ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നത്

Saturday 19 June 2021 8:07 AM IST

കുമളി: പുരയിടത്തിൽ മാലിന്യം കൊണ്ടിട്ടെന്ന് ആരോപിച്ച് വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റിയത് ഒരു വയസുള്ള മകളുടെ കൺമുമ്പിൽവെച്ച്. അണക്കര ഏഴാംമൈൽ കോളനി സ്വദേശിയായ തഴത്തേപടവിൽ മനുവിന്റെ (26) കൈപ്പത്തിയാണ് അയൽവാസിയായ പട്ടശേരിയിൽ ജോമോൾ (34) വെട്ടിനീക്കിയത്. ഒളിവിൽ പോയ ജോമോൾക്കായി​ കുമളി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ജോമോൾ മുമ്പും പലരെയും വാക്കത്തിക്ക് വെട്ടിയിട്ടുണ്ടെങ്കിലും പരാതി നൽകുംമുമ്പ് ഒതുക്കി തീർക്കുകയായിരുന്നു.

മനുവിന്റെ കൈപ്പത്തി ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തുന്നിച്ചേർത്തു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ജോമോളുടെ പുരയിടത്തിൽ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയെന്ന് ആരോപിച്ച് വഴിയരികിൽ കുഞ്ഞുമായി നിന്ന മനുവിന്റെ ഭാര്യയായ ദിവ്യയോട് വഴക്കിട്ടത്. ശബ്ദംകേട്ട് പുറത്തേയ്ക്ക് വന്ന മനുവും ജോമോളും പരസ്പരം വാക്കേറ്റമായി. കൈയിൽ പുറകിലായി മറച്ചു പിടിച്ചിരുന്ന വാക്കത്തികൊണ്ട് ജോമോൾ പെട്ടെന്ന് മനുവിന്റെ ഇടത് കൈപ്പത്തി വെട്ടി നിലത്തിടുകയായിരുന്നു. മനുവിന്റെ ഭാര്യയുടെയും കുട്ടിയുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. ജോമോൾ ഓടിരക്ഷപ്പെട്ടു. ചെളിയിൽ വീണ കൈപ്പത്തിയുമായി ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റി. തുടർന്ന് ഒ​മ്പ​തു​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​ ​കൈ തു​ന്നി​ച്ചേ​ർ​ത്തു.

ജോമോളുടെ വീട്ടിലേയ്ക്ക് നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേയ്ക്കും ഇവർ കുടുംബത്തോടെ ഒളിവിൽ പോയിരുന്നു. നാട്ടുകാർ വീടിന്റെ ജനാല ചില്ലുകൾ തല്ലി തകർത്തു. പൊലീസെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.

ജോമോളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുമളി സി.ഐ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. ഫോൺ സ്വിച്ച് ഓഫാക്കിയാണ് പ്രതി ഒളിവിൽ പോയത്. കൈപ്പത്തി വെട്ടി മാറ്റുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.