ആശങ്കയായി ലാംഡ! കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് 29 രാജ്യങ്ങളിൽ;  മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Saturday 19 June 2021 9:38 AM IST

ന്യൂയോർക്ക്: ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്.നിലവിൽ പ്രധാനമായും ഗാമ, ഡെൽറ്റ വകഭദങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്. ഇപ്പോഴിതാ 'ലാംഡ' എന്ന മറ്റൊരു കൊവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതിനോടകം 29 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

വിദഗ്ദ്ധർ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ഇതിനോടകം 29 രാജ്യങ്ങളിലാണ് ലാംഡ റിപ്പോർട്ട് ചെയ്തത്. അർജന്റീനയും ചിലിയും ഉൾപ്പടെയുള്ള ലാറ്റിനമേരിക്കയലാണ് ഈ വകഭേദം കൂടുതലും കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രിൽ വരെ പെറുവിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ 81 ശതമാനവും ലാംഡ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ചിലിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 32 ശതമാനവും ഈ വകഭേദമാണെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ച മുതൽ രാജ്യത്ത് ലാംഡയുടെ വ്യാപ്തി വർദ്ധിച്ചതായി അർജന്റീന റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 2 നും മെയ് 19 നും ഇടയിലുണ്ടായ കൊവിഡ്19 കേസുകളിൽ 37 ശതമാനവും ഈ വകഭേദമാണ്.

രോഗവ്യാപന സാദ്ധ്യത കൂട്ടുന്നതിനും, ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവർത്തനങ്ങൾ ലാംഡ വകഭേദത്തിനുണ്ടെന്നും ഈ വകഭേദത്തെക്കുറിച്ച്​ കൂടുതൽ പഠനം ആവ​ശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച്​ നിരീക്ഷിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

Advertisement
Advertisement