കൽപ്പറ്റയിലെ കേരള ബാങ്കിലെത്തിയ ജാനു നാലരലക്ഷം രൂപ നൽകിയത് മുൻ സിപിഎം എംഎൽഎയുടെ ഭാര്യയ്‌ക്ക്; എം എസ് എഫ് നേതാവിന്‍റെ മൊഴിയെടുത്ത് പൊലീസ്

Saturday 19 June 2021 4:39 PM IST

വയനാട്: സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് എം എസ് എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി കെ നവാസിനെ വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുത്തു. കെ സുരേന്ദ്രൻ നൽകിയ പണം സി കെ ജാനു സി പി എമ്മിന് കൈമാറിയെന്ന് പി കെ നവാസ് പൊലീസിന് മൊഴി നൽകി. നാല് ലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എം എൽ എ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസിന്‍റെ മൊഴി.

ജാനുവിനെ എൻ ഡി എയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.

കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെ ആർ പി നേതാക്കളായ പ്രസീദ, പ്രകാശൻ ബാബു എന്നിവരുടെ മൊഴിയും എടുക്കുമെന്നാണ് വിവരം.