സുധാകരന്റെ പദ്ധതിയെപ്പറ്റി പിണറായി പറയുന്നത് ആദ്യമായല്ല; സൂചന നൽകിയത് വർഷങ്ങൾക്ക് മുമ്പ്, വെളിപ്പെടുത്തൽ ഇങ്ങനെ

Saturday 19 June 2021 5:25 PM IST

തിരുവനന്തപുരം: തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ. സുധാകരൻ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനു പിന്നാലെ ഇത്തരമൊരുകാര്യം ഇത്രയും കാലം പറയാതിരുന്നത് എന്താണെന്ന ചോദ്യവുമായി സുധാകരനടക്കമുളളവർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളോട് കൂട്ടി വായ്ക്കാവുന്ന ഒന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം ഒരു മലയാള മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. അതും അദ്ദേഹം മുഖ്യമന്ത്രിയാവുന്നതിനും വർഷങ്ങൾക്ക് മുൻപ്.

13 വർഷങ്ങൾക്ക് മുൻപ് 2008ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പിണറായിയുടെ കരുത്തിന്റെയൊക്കെ പിന്നിൽ മൃദുലമായ വികാരങ്ങളില്ലേയെന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട തുറന്ന് പറച്ചിൽ നടത്തിയത്.

"എന്റെ ഒരു സുഹൃത്ത് എന്നോട് വന്ന് പറയുകയാണ്, നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താൻ ഇടയുണ്ട്. അവ‌ർ യു.പി സ്കൂളിലും എൽ.പി സ്കൂളിലുമൊക്കെയായി പഠിക്കുന്ന സമയമാണ്. അത് സൂക്ഷമമായി അറിയാവുന്ന ഒരാൾ വന്ന് പറയുകയാണ്. എന്ത് ചെയ്യും ഞാൻ? അത് പോലെയുള്ള ഘട്ടങ്ങൾ കടന്നുവന്നവനാണ് ഞാൻ" എന്നായിരുന്നു പിണറായി അന്ന് ആ ചോദ്യത്തിന് ഉത്തരം നൽകിയത്.

തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം സുധാകരൻ നിഷേധിച്ചിട്ടുണ്ട്. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ലേയെന്നും സുധാകരൻ ചോദിച്ചിരുന്നു.

Advertisement
Advertisement