പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാൽ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നു,​ സുധാകരന് മറുപടിയുമായി എകെ ബാലൻ

Saturday 19 June 2021 8:31 PM IST

തിരുവനന്തപുരം: പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാൽ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നുവെന്ന് മുൻമന്ത്രി എ.കെ.ബാലൻ. പൊലീസിൽ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സി.പി.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എ.കെ,​ബാലൻ ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ ശ്രമം നടത്തിയെന്നതും യാഥാർത്ഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ അതേ കോൺഗ്രസ് നേതാവ് തന്നെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹവും മമ്പറം ദിവാകരനുമെല്ലാം അടങ്ങിയ ഒരു സെറ്റായിരുന്നു ബ്രണ്ണൻ കോളേജിലെ എസ്.എഫ്‌.ഐയെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. പിന്നീട് അദ്ദേഹം ആ ക്രിമിനൽ സ്വഭാവത്തിൽ നിന്ന് മാറി. എന്നാൽ സുധാകരനുമായി നല്ല ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ഓപ്പറേഷൻ ഇദ്ദേഹത്തിന് മനസിലാകുന്നതും പിണറായിയോട് പറയുന്നതും. പക്ഷേ സുധാകരൻ ചോദിക്കുന്നത് പൊലീസിൽ പരാതി നൽകാത്തതെന്ത് എന്നാൈണ്. എന്നാൽ അക്കാര്യത്തിൽ പൊലീസിൽ പരാതി നൽകേണ്ടതായിട്ട് തോന്നിയിട്ടില്ല. കാരണം സുധാകരൻ അങ്ങനെ ചെയ്താൽ പൊലീസിനെ അറിയിക്കാതെ തന്നെ അതിനെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.

അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നിൽ പിണറായി ഭീരുവാണെന്നും തന്റെ മുന്നിൽ നട്ടെല്ലോടെ നിൽക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജൽപനങ്ങൾ സുധാകരൻ ആവർത്തിച്ചതോടെയാണ് മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിലൂടെ ഒരു കോൺഗ്രസുകാരനും പ്രതിരോധിക്കാൻ പറ്റാത്ത വിധത്തിൽ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലൻ പറഞ്ഞു.

കെ.എസ്.യുവിനെ ബ്രണ്ണൻ കോളേജിൽ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ആളാണ് സുധാകരൻ. പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിനൊപ്പമായിരുന്നില്ല, ജനതാ പാർട്ടിയിലും മറ്റുമായിരുന്നു. 17, 18 വർഷക്കാലം സുധാകരന് കോൺഗ്രസുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീടാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയതെന്നും എ.കെ.ബാലൻ വ്യക്തമാക്കി.

Advertisement
Advertisement