14 രാജ്യങ്ങൾക്ക് പ്രവേശന വിലക്ക് നീക്കി യൂറോപ്യൻ യൂണിയൻ

Sunday 20 June 2021 12:26 AM IST

ബ്രസൽസ്: അമേരിക്കയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് യൂറോപ്യൻ യൂണിയൻ. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കാണ് ഒരു വർഷത്തിന് ശേഷം നീക്കിയത്. യു.എസ്, സെർബിയ, അൽബേനിയ, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണകൊറിയ, ലെബനൻ, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, റുവാണ്ട, സിംഗപ്പൂർ, ആസ്‌ട്രേലിയ, തായ്ലാന്റ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികൾക്കാണ് വിസ അനുവദിക്കുക.

വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നതെന്നും യൂറോപ്പിലെത്തുന്ന സഞ്ചാരികൾ കൊാവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾ 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന ഫലം കൈവശം വെയ്ക്കേണ്ടതാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് വേണമെങ്കിൽ വിനോദ സഞ്ചാരികൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർദേശിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കാമെന്ന് തീരുമാനമെടുത്തിരുന്നു. പൂർണമായും യൂറോപ്യൻ യൂണിയൻ നിർദേശം അംഗരാജ്യങ്ങൾ അംഗീകരിക്കണമെന്ന് നിർബന്ധമില്ലെന്നും രാജ്യങ്ങൾക്ക് ഈ വിഷയത്തിൽ സ്വയം തീരുമാനമെടുക്കാമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

Advertisement
Advertisement