കാലാവധി കഴിയാറായ വാക്സിൻ വേണ്ട, കരാറിൽ നിന്ന് പിന്മാറി പാലസ്തീൻ

Sunday 20 June 2021 12:00 AM IST

ടെൽ അവീവ്: ഇസ്രായേൽ വാഗ്‌ദാനം ചെയ്‌ത 10 ലക്ഷം കൊവിഡ് വാക്​സിൻ സ്വീകരിക്കില്ലെന്ന് പലസ്‌തീൻ വ്യക്തമാക്കി. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്സിനാണ് പാലസ്തീന് നല്കാൻ തീരുമാനിച്ചതെന്ന് ബൈന്നറ്റ് സർക്കാർ പ്രഖ്യാപിച്ചത്. യു.എൻ പദ്ധതി പ്രകാരം പലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറ്റം സംബന്ധിച്ച ധാരണ. ജൂലായ്,ആഗസ്റ്റ് വരെ കാലാവധിയുള്ള വാക്‌സിനാണ് നല്‍കുന്നതെന്നാണ് ഇസ്രയേല്‍ കരാറില്‍ പറഞ്ഞിരുന്നത്.എന്നാൽ ജൂണിൽ കാലാവധി അവസാനിക്കാറായ വാക്‌സിനാണ് ലഭിച്ചതെന്നും അത് ഉപയോഗിക്കാൻ മതിയായ സമയമില്ലെന്നും അതിനാൽ ഇസ്രയേലിൻ്റെ വാഗ്‌ദാനം നിരസിക്കുകയാണെന്നും പലസ്‌തീൻ വ്യക്തമാക്കി. കരാർ പ്രകാരം ആദ്യ ഗഡുവായ 90,000 വാക്​സിനുകൾ വെള്ളിയാഴ്ച പാലസ്​തീൻ അധികൃതർ കൈപ്പറ്റിയിരുന്നു. എന്നാൽ കരാർ ചട്ടങ്ങൾ പാലിക്കാത്തവയാണ് ഇതെന്ന് മനസിലായതോടെ

വാക്സിൻ ഇസ്രയേലിലേക്ക് തന്നെ തിരിച്ചയയ്ക്കാൻ പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ്​ ശത്വിയ്യ​ നിർദേശം നൽകുകയായിരുന്നു.പലസ്‌തീൻ്റെ നടപടിയിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോസുകൾ ഉടൻ കാലഹരണപ്പെടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നാഫ്ത്താലി ബെന്നറ്റ് സമ്മതിച്ചിരുന്നു.

വാക്‌സിൻ കൈമാറ്റത്തോടെ ഇസ്രായേൽ - പലസ്‌തീൻ ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷകൾക്കിടയിലാണ് പാലസ്‌തീൻ വാക്‌സിൻ തിരിച്ചയച്ചത്. ലോകരാജ്യങ്ങളിൽ ഏറ്റവും വിജയകരമായി വാക്സിനേഷൻ പദ്ധതി നടപ്പാക്കിയത് ഇസ്രയേലാണ്. ഇസ്രയേലിൽ ഇതിനോടകം മുതിർന്ന ജനസംഖ്യയുടെ 85 ശതമാനം പേർക്ക് വാക്സിൻ നല്കിയിട്ടുണ്ട്. ആവശ്യത്തിലധികം വാക്സിനുകൾ കൈവശമുണ്ടായിട്ടും വെസ്റ്റ്​ ബാങ്ക്​, ഗാസ എന്നിവിടങ്ങളിലെ പാലസ്തീനികൾക്ക് വാക്സിൻ നല്കാത്തതിന് ഇസ്രയേലിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് തടയിടാനാണ് ബെന്നറ്റിന്റെ വാക്സിൻ കൈമാറ്റ വാഗ്ദാനം. വാക്സിൻ കാലാവധി കഴിയാറായതായി ഇസ്രയേൽ സമ്മതിച്ചിരുന്നുവെങ്കിലും കൃത്യമായി എന്നാണെന്ന് പരാമർശിച്ചിരുന്നില്ല. എന്നാൽ പാലസ്തീന് ഇപ്പോൾ നല്കുന്ന വാക്സിനുകൾ സെപ്​റ്റംബറോടെ തിരികെ നൽകണമെന്ന്​ നിർദേശിക്കുന്നുമുണ്ട്​.

Advertisement
Advertisement