യോഗ എന്നാൽ സമ്പൂർണ പാത

Sunday 20 June 2021 1:38 AM IST

ഏതൊന്നിന്റെ കൂടെ യോഗ എന്ന വാക്ക് ഉപയോഗിക്കുന്നുവോ അതൊരു പൂർണമായ പാതയാണ്. അങ്ങനെയെങ്കിൽ അതിനെ എങ്ങനെയാണ് സമീപിക്കേണ്ടത്? അത് ലളിതമായൊരു പരിശീലനമോ വ്യായാമമോ മാത്രമായിരുന്നെങ്കിൽ, നിങ്ങൾക്കതിനെ ആ രീതിയിൽ സമീപിക്കാം. അത് കലാരൂപമോ വിനോദത്തിന് മാത്രമുള്ള ഉപാധിയോ എങ്കിൽ ആ രീതിയിൽ

സമീപിക്കാം. ഞാൻ ഈ വാക്കുകളെല്ലാം ഉപയോഗിക്കാൻ കാരണം, ലോകത്ത് ഇന്ന് ഇവയെല്ലാം പ്രചാരത്തിലുള്ളത് കൊണ്ടാണ്. ആളുകൾ യോഗയെ 'റിക്രിയേഷൻ യോഗ', 'ഹെൽത്ത് യോഗ', എന്നെല്ലാം വിളിക്കുന്നുണ്ട്. ചിലർ ഇതിനെ ഒരു കലാരൂപമായി ചിത്രീകരിക്കുന്നുണ്ട്. അവരുടെ വിചാരം, ഇതിനെ ഒരു കലാരൂപമെന്ന് പറയുന്നത് മൂലം, അവർ യോഗയ്ക്ക് വലിയ സേവനം ചെയ്യുകയാണെന്നാണ്. അല്ല. നിങ്ങൾ 'യോഗ' എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്, അത് സമ്പൂർണമായ ഒരു പാതയാണെന്നാണ്.
യോഗ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം, നിങ്ങളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നതെന്തോ അത് എന്നാണ്. അക്ഷരാർത്ഥത്തിൽ, അത് കൂടിച്ചേരലാണ്. കൂടിച്ചേരൽ , ജീവിതത്തിന്റെ വൈയക്തികമായ ഭാവങ്ങൾ സൃഷ്ടികർമ്മത്തിന്റെ ഉപരിതലത്തിലെ കുമിളകൾ മാത്രമാണെന്ന ആത്യന്തിക സത്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. തെങ്ങും മാവും പൊട്ടിമുളച്ചിരിക്കുന്ന ഭൂമിയിൽ നിന്നു തന്നെയാണ് മനുഷ്യനും മറ്റനേകം ജീവികളും ഉണ്ടായിട്ടുള്ളത്. എല്ലാം ഒരേ ഭൂമിയിലാണ് . യോഗ എന്നാൽ, അസ്തിത്വത്തിന്റെ ആത്യന്തികമായ പ്രകൃതത്തെ ഒരാൾക്ക് അറിയാൻ കഴിയുന്ന അനുഭവപരമായ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുക
എന്നാണ് അർത്ഥം.
യോഗ കൂടിച്ചേരലിനെ ഒരു ആശയമെന്നോ ഒരു തത്വചിന്തയെന്നോ അല്ല സൂചിപ്പിക്കുന്നത്. യുക്തിപരമായ ആശയം എന്ന നിലയിൽ, നിങ്ങൾ പ്രകൃതിയുടെ സാധാരണത്വത്തെ പ്രമാണീകരിച്ചാൽ, അത് നിങ്ങളെ ഒരു വിരുന്നിൽ ശ്രദ്ധേയനാക്കിയേക്കാം, നിങ്ങൾക്ക് ഒരു നിശ്ചിത സാമൂഹിക പദവി നൽകിയേക്കാം, എന്നാൽ, അതുകൊണ്ട് യാതൊരു
ഉപകാരവുമുണ്ടാവുന്നില്ല.
പണത്തിന്റെ കാര്യത്തിൽ പോലും, ഇത് ഞാനാണ്, അത് നീയാണ് എന്ന അതിർത്തി വ്യക്തമാണ്. നീയും ഞാനും ഒന്നാവുന്നതിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. യുക്തിപരമായി എല്ലാം ഒന്നാണെന്ന് കണ്ടാൽ, ആ വ്യക്തിക്ക് ഹാനികരമായിത്തീരും. ആരെങ്കിലും ഒരാൾ നല്ല ഒരു പാഠം
പഠിപ്പിക്കുന്നത് വരെ, ജനങ്ങൾ എല്ലാത്തരത്തിലുമുള്ള ബാലിശമായ പ്രവൃത്തികളിൽ ഏർപ്പെടും, കാരണം, അവർക്ക്, എല്ലാവരും ഒന്നാണ് . ഒരു പാഠം ലഭിച്ചാൽ അവർക്ക് മനസിലാവും, ഇത് ഞാനാണ്, അത് നീയാണ്. ഒന്നാവാൻ യാതൊരു വഴിയുമില്ലെന്ന്. ഇത് അനുഭവപരമായ ഒരു യാഥാർത്ഥ്യമായി തീർന്നാൽ പിന്നെ, അപക്വമായ പ്രവൃത്തികൾ കൊണ്ടുവരില്ല. അത് ജീവിതത്തിലെ മഹത്തായ ഒരു അനുഭവത്തിലേക്ക് നയിക്കും.

വ്യക്തിത്വം ഒരാശയം മാത്രമാണ്. എന്നാൽ അസ്തിത്വം എന്നത് ആശയമല്ല, യാഥാർത്ഥ്യമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യോഗ എന്നാൽ നിങ്ങളുടെ എല്ലാ ആശയങ്ങളെയും കുഴിച്ചിടുക എന്നാണർത്ഥം. നിങ്ങളുടെ എല്ലാ ആശയങ്ങളെയും കുഴിച്ചിടുന്നതിനെയാണ് 'ചിത്തവൃത്തി നിരോധനം ' എന്ന് പറയുന്നത്. യോഗ എന്നത് വെറും 'ചിത്തവൃത്തി നിരോധന ' മാണ്. അവിടെ നിങ്ങളുടെ മനസിന്റെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നു, എന്നാൽ നിങ്ങൾ അപ്പോഴും ജാഗരൂകനാണ്. ഇപ്പോൾ നിങ്ങൾ യോഗയിലാണ്. ഇപ്പോൾ, നിങ്ങളുടെ മനസിന്റെ പ്രവർത്തനം എന്നത്, ഒരുതരം മാനസിക അതിസാരമാണ് , അത് ഒരിക്കലും നിലയ്ക്കുന്നില്ല. അഥവാ അത് നിലച്ചാൽ, ഒന്നുകിൽ നിങ്ങൾ മരണപ്പെട്ടു, അല്ലെങ്കിൽ നിങ്ങളുടെ തലച്ചോർ മരണപ്പെട്ടു.
ബുദ്ധി എന്നതിന്റെ അർത്ഥം മാസിക അതിസാരം എന്നല്ല. ബുദ്ധി എന്നാൽ,
ഒരു പ്രത്യേക രീതിയിൽ പിടിച്ചാൽ, നിങ്ങൾക്ക് എന്തിനെയും മുറിച്ച്
കടക്കാൻ കഴിയുന്ന മൂർച്ചയേറിയ ഒരു ഉപകരണമാണ്.
നിങ്ങളുടെ കയ്യിൽ മൂർച്ചയേറിയ ഒരു വാൾ ഉണ്ടെങ്കിൽ നിങ്ങൾ
എന്തിലേക്ക് നടന്നുകയറി ചെന്നാലും അത് തുളച്ചു കയറും. അതാണ്
ബുദ്ധിയുടെ സ്വഭാവം. അതു നിങ്ങൾ ശരിയായി പിടിച്ചാൽ, നിങ്ങളുടെ വഴിക്ക് വരുന്ന എന്തിനെയും അത് തുറന്നു കാണിക്കും.

Advertisement
Advertisement