കൊവിഡ് കാലത്തെ കുട്ടികളുടെ നഷ്ടകാലം: അദ്ധ്യാപകന്റെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരവുമായി വിദ്യാർത്ഥികൾ

Sunday 20 June 2021 1:49 AM IST

തൃശൂർ: കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പ്രമേയമാക്കി സ്‌കൂൾ അദ്ധ്യാപകൻ എഴുതിയ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം പകർന്ന് നൽകി പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരും. അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ഗണിതാദ്ധ്യാപകനായ അനീഷ് ആർ. നായർ എഴുതിയ 'നഷ്ടകാലം' എന്ന കവിതയ്ക്കാണ് 'നാലുമണിക്കാറ്റ്' എന്ന പേരിൽ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത്. വിദ്യാലയത്തിലെ കുട്ടികൾ തന്നെയാണ് ദൃശ്യാവിഷ്‌കാരത്തിൽ അഭിനയിച്ചത്. സ്‌കൂളിലെ പൂർവ അദ്ധ്യാപകനും ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തകനുമായ വി.എസ്. ഗിരീശൻ മാഷും ശ്രദ്ധേയമായൊരു റോൾ നിർവഹിച്ചിട്ടുണ്ട്.

നാലുമണിക്കാറ്റിലെ വരികളിലൂടെ...

കരദളം കോർത്തും ഹൃദയങ്ങൾ പേർത്തും കനിവുകൾ കിനിയുന്ന ബാല്യകാലം..
ആടിയും പാടിയും ഓതിയും ചൊല്ലിയും ചങ്ങാത്തം പൂക്കും വസന്തകാലം..
കൊറോണയാലിന്നിപ്പോഴകലെയിരുന്നു ഞാൻ അയവിറക്കുന്നതാ നഷ്ടകാലം..
സനേഹശകാരങ്ങൾ ഗുരുവാത്സല്യങ്ങളും നുകരുവാൻ കാക്കണമിനിയെത്രകാലം..
മാരിയെ നീക്കുവാൻ ധീരമായ് പൊരുതണം അതിജീവനത്തിന്നായണി ചേരണം..

നാലുമണിക്കാറ്റ്

കൊവിഡ് കാലത്ത് വീട്ടിൽ ഒതുങ്ങിയിരിക്കേണ്ടി വന്ന കുട്ടികൾ അനുഭവിക്കുന്ന സംഘർഷങ്ങളും അവർക്ക് നഷ്ടപ്പെടുന്ന നല്ല ദിനങ്ങളും ആണ് കവിതയിലെ ഇതിവൃത്തം. ടെലിവിഷൻ വാർത്തകളിൽ കാതോർത്ത് ഇനി എന്ന് തന്റെ വിദ്യാലയത്തിലേക്ക് എത്താനാകുമെന്ന ആകുലത പങ്കുവയ്ക്കുന്ന വിദ്യാർത്ഥിനിയുടെ വിഷമവും ഇതിലുണ്ട്.

2021 ജൂൺ ഒന്നിന് പ്രവേശനോത്സവ ദിനത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നാലുമണിക്കാറ്റ് എന്ന ദൃശ്യാവിഷ്‌കാരം പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു. യൂട്യൂബിലൂടെ ആയിരക്കണക്കിനാളുകളാണ് ഇതിനകം നാലുമണിക്കാറ്റ് കണ്ടത്. തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ മണി അടാട്ടാണ്. കാമറ അതുൽ അടാട്ട്, എഡിറ്റിംഗ് ജീവൻ സി.എ. മിഥുൻ മലയാളം ഈണം പകർന്ന കവിത പാടിയിരിക്കുന്നത് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നാടക നടനുമായ നിജിൽദാസ് പുറനാട്ടുകരയാണ്. കോട്ടയം സ്വദേശിയായ അനീഷ് ആർ. നായർ അടാട്ട് വിളക്കുംകാലിലാണ് താമസം. ഭാര്യ: അനുപ്രിയ. ഭരത് (ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം).

കൊവിഡ് കാലത്ത് സ്‌കൂളിൽ വരാനാകാതെ മാനസിക ഉല്ലാസമെല്ലാം നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് പലപ്പോഴും കുട്ടികൾ . അവരുടെ അവസ്ഥ വെളിവാക്കാനാണ് ഇത്തരത്തിലൊരു കവിത എഴുതിയത്. എല്ലാവരും ചേർന്ന് പിന്നീട് അതിനൊരു ദൃശ്യാവിഷ്‌കാരം പകർന്നുനൽകി.
- അനീഷ് ആർ. നായർ (അദ്ധ്യാപകൻ)

Advertisement
Advertisement