കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ​ഗം​ഗാ ദസറാ ആഘോഷം; ​നദീ തീരത്ത് ഒത്തുകൂടി നൂറുകണക്കിന് ആളുകൾ

Sunday 20 June 2021 2:22 PM IST

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ​ഗംഗാതീരത്ത് നൂറുകണക്കിന് പേർ ഒത്തുകൂടി. ​ഗം​ഗാ ദസറാ ദിനമായ ഇന്ന് തീരത്ത് ഒത്തുകൂടിയവർ മാസ്കും സാമൂഹിക അകലവും അടക്കമുളള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രം​ഗങ്ങൾ അരങ്ങേറിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എല്ലാവർഷവും ഈ ദിവസം ആഘോഷിക്കുന്നതിനും ​ഗം​ഗാ സ്നാനത്തിനുമായി സമീപ ജില്ലകളിൽ നിന്നും നിരവധിപേർ ഫറൂഖാബാദിലേക്ക് എത്താറുണ്ട്. ഭക്തരുടെ തിരക്ക് പ്രതീക്ഷിച്ച് ജില്ലാ ഭരണകൂടം ഇത്തവണയും ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, ഹരിദ്വാറിൽ ​ഗം​ഗ ദസറ ആചരിക്കാൻ എത്തിയ ഭക്തർ ഹർ കി ഘട്ടിൽ സ്നാനം ചെയ്തു. ഇവിടെയും ആളുകൾ ശരിയായ മുൻകരുതലുകൾ എടുത്തിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ ധരിക്കാതെയും ​നദീതീരത്ത് ഇവർ കൂട്ടം കൂടി.

അതിർത്തിയിൽ നെ​ഗറ്റീവ് ആർ.ടി-പി.സി.ആർ സർട്ടിഫിക്കറ്റുളള ആളുകളെ മാത്രമേ കടത്തി വിടുന്നുളളുവെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇവരോട് ആഭ്യർത്ഥിക്കുന്നതായും അധികൃതർ വാർത്താ ഏജൻസികളോട് പറഞ്ഞു. ഒപ്പം വീടുകളിൽ ചടങ്ങുകൾ ആചരിക്കാൻ ഭക്തരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement