രാജപ്പനോട് കൊലച്ചതി

Monday 21 June 2021 12:00 AM IST

ഇരുകാലുകളും തളർന്നിട്ടും വാടക വള്ളത്തിൽ വേമ്പനാട്ട് കായലിൽ പോയി പ്ലാസ്റ്റിക് കുപ്പി പെറുക്കി വിറ്റ് ജീവിതം മുന്നോട്ടു നീക്കിയ രാജപ്പനോട് ഈ കൊലച്ചതി വേണ്ടായിരുന്നു.

രാജപ്പന്റെ പരിസ്ഥിതി സ്നേഹത്തെക്കുറിച്ച് പ്രധാനമന്ത്രി റേഡിയോ പ്രഭാഷണത്തിൽ പരാമർശിച്ചതോടെയാണ് രാജപ്പനെതേടി സുമനസുകളുടെ സഹായമെത്തി തുടങ്ങിയത്. ഇരുപതു ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തി. വാടക വള്ളത്തിന് പകരം രണ്ട് വള്ളവും ലഭിച്ചു. കാര്യമായ വിദ്യാഭ്യാസമില്ലാത്ത രാജപ്പൻ സഹോദരിയുടെ പേര് കൂടി ചേർത്തായിരുന്നു അക്കൗണ്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം ബാങ്കിൽ എത്തിയപ്പോഴാണ് ആറുലക്ഷത്തോളം രൂപ പിൻവലിച്ചതറിയുന്നത്. ഫെബ്രുവരിയിൽ അഞ്ചു ലക്ഷവും ഏപ്രിലിൽ എൺപതിനായിരവും രാജപ്പനറിയാതെ പിൻവലിച്ചു . സഹോദരി വിലാസിനി പണം തട്ടിയെടുത്തെന്ന് ആരോപിച്ച് രജപ്പൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് ഇരന്നു തിന്നുന്നവനെ തുരന്നു തിന്നെന്നു പറഞ്ഞതുപോലെ പിച്ചചട്ടിയിൽ കൈയ്യിട്ടുവാരിയ കഥ പുറം ലോകം അറിഞ്ഞത്. സഹോദരിയും കുടുംബവും ഒളിവിലാണെന്ന് പൊലീസ് പറയുന്നു .

രാജപ്പൻ വിവാഹിതനല്ല. ബന്ധുക്കൾ സംരക്ഷിക്കാത്തതിനാലായിരുന്നു വേമ്പനാട്ടുകായലിൽ ടൂറിസ്റ്റുകൾ ഉപേക്ഷിക്കുന്ന കുപ്പി പെറുക്കി വിറ്റു കിട്ടുന്ന പണം കൊണ്ട് ജീവിക്കാൻ നോക്കിയത് . പിന്നീട് കായലിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടമായി രാജപ്പന്റെ സേവനം മാറുകയായിരുന്നു.

സുമനസുകൾ സഹായിച്ച് ബാങ്ക് അക്കൗണ്ടിൽ പണമെത്തുമ്പോൾ തിരിഞ്ഞു നോക്കാതിരുന്നവർ അടുത്തു കൂടി കാശ് തീരും വരെ സ്നേഹം കാട്ടുന്നത് ആദ്യ സംഭവമല്ല . മനുഷ്യത്വ രഹിതമായ ഇത്തരം ക്രൂരതകൾ ആവർത്തിക്കുകയാണ്. ബന്ധുക്കളല്ലേ എന്നു വിചാരിച്ച് പലരും പരാതിപ്പെടാത്തതിനാൽ പലതും പുറത്തു വരുന്നില്ലെന്നു മാത്രം . " ഇല നക്കിയുടെ കിറി നക്കി " എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരക്കാർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് രാജപ്പന്റെ അനുഭവകഥ ഓർമ്മപ്പെടുത്തുന്നത്.

Advertisement
Advertisement