എം.എൽ.എമാരുടെ മക്കൾക്ക് ജോലി:  തീരുമാനം പിൻവലിക്കില്ലെന്ന് അമരീന്ദർ സിംഗ്

Monday 21 June 2021 12:25 AM IST

ചണ്ഡീഗഢ്: സംസ്ഥാന കോൺഗ്രസിലെ ഭിന്നതകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് തലവേദനയായി കോൺഗ്രസ് എം.എൽ.എമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള സർക്കാർ തീരുമാനം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ സുനിൽ ജാഖറും എം.എൽ.എമാരായ കുൽജിത് നാഗ്രയും അമരീന്ദർ സിംഗ് രാജ വാരിംഗും രംഗത്തെത്തി.എം.എൽ.എമാരായ അർജുൻ പ്രതാപ് സിംഗ് ബാജ്‌വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പോലീസ് ഇൻസ്‌പെക്ടർ, നായിബ് തഹസിൽദാർ എന്നീ തസ്തികകളിൽ നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് സർക്കാർ കൈക്കൊണ്ടത്.

ഇരുവരുടെയും മുത്തശ്ശന്മാര്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇത് മുന്‍നിറുത്തിയാണ് നിയമനം നൽകാൻ തീരുമാനിച്ചത്.

അതേസമയം തീരുമാനം പിൻവലിക്കാനാകില്ലെന്നും കുടുംബങ്ങൾ ചെയ്ത ത്യാഗത്തിനുള്ള പ്രതിഫലമെന്ന നിലയിലാണ് ജോലി നൽകുന്നതെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

ഈ തീരുമാനത്തിന് ചിലർ രാഷ്ട്രീയനിറം നല്‍കുന്നു എന്നത് നാണക്കേടാണ്- അമരീന്ദർ പറഞ്ഞു.

Advertisement
Advertisement