സി.ഐയുടെ വരികൾ, ഭാര്യയുടെ ആലാപനം

Monday 21 June 2021 12:00 AM IST

പാലാ: ഇൻസ്‌പെക്ടർ പാട്ടെഴുതും; ഭാര്യ പാടും. പാലാ രാമപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഐ. കെ.അനിൽകുമാറും ഭാര്യ കൃഷ്ണയുമാണ് ഈ ഗാനയുഗ്മങ്ങൾ.

കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ അനിൽകുമാർ, കാൽനൂറ്റാണ്ടിനിടെ നൂറുകണക്കിനു പാട്ടുകളെഴുതിയിട്ടുണ്ട്. ഉറ്റ സുഹൃത്തായ ഒരു ഗായകനാണ് ഇതൊക്കെയും പുറം ലോകത്തെത്തിക്കാൻ പ്രേരണയായത്. കടയ്ക്കൽ ദേവീക്ഷേത്ര സ്തുതികളടങ്ങിയ 'കടയ്ക്കലേശ്വരി 'യാണ് ആദ്യ സംഗീത ആൽബം. പത്തു വർഷത്തിനു ശേഷം ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങി.

ഫയർഫോഴ്‌സിൽ ജോലി കിട്ടിയപ്പോഴും 2007 ൽ പൊലീസിൽ സബ് ഇൻസ്‌പെക്ടറായപ്പോഴും പാട്ടെഴുത്ത് തുടർന്നു. പിന്നീട് ജീവിത സഖിയായ കൃഷ്ണ ഗായികയായി എന്നതും യാദൃശ്ചികം . കൊല്ലം കടയ്ക്കൽ സ്വദേശിയായ കൃഷ്ണ, ഒരു സിനിമയിൽ പാടിയിട്ടുണ്ട്. കൃഷ്ണ കടയ്ക്കൽ എന്ന പേരിൽ സംഗീത ആൽബങ്ങളിലും സജീവമാണ്.

അനിൽ പാട്ടുകളെഴുതിയ 'ദൈവസ്‌നേഹിതൻ ' ക്രിസ്തീയ ഭക്തിഗാന ആൽബത്തിലേയും 'മൊഞ്ചത്തി' എന്ന മാപ്പിളപ്പാട്ടുകളുടെ ആൽബത്തിലേയും പ്രധാന ഗായിക കൃഷ്ണയാണ്. ഇരുവരും ചേർന്നുള്ള 'നീലി' എന്ന നാടൻ പാട്ടുകളുടെ ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ അനിലെഴുതിയ പത്തോളം കൊവിഡ് ബോധവത്ക്കരണ ഗാനങ്ങളും കൃഷ്ണയുടെ ശബ്ദത്തിൽത്തന്നെ ആസ്വാദകരിലെത്തി.

അനിൽകുമാർ 'സ്വപ്നച്ചിറകുകൾ ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കല്ലട ഭൂവിലെ കാൽപ്പാടുകൾ ' എന്ന സമാഹാരം അച്ചടിയിലാണ്.

'പലപ്പോഴും പുലർച്ചെ 3 മണിക്കാണ് പാട്ടെഴുത്ത്. ഓരോ പാട്ടും എഴുതിക്കഴിഞ്ഞാൽ സ്വന്തമായി ഒന്നു മൂളി നോക്കും. ഭാര്യയുടെ കൂടി നിർദ്ദേശപ്രകാരം വേണ്ട തിരുത്തലുകൾ വരുത്തും ' അനിൽകുമാർ പറഞ്ഞു. യു.പി. വിദ്യാർത്ഥികളായ ആകാശും അക്ഷയ് യുമാണ് മക്കൾ. ഇവർക്കുമുണ്ട് പാട്ടുകളോട് കമ്പം.

Advertisement
Advertisement