ഇരട്ടസെഞ്ച്വറി കടന്ന് വെളിച്ചെണ്ണ വില

Monday 21 June 2021 12:00 AM IST

കോട്ടയം: ഇരട്ടസെഞ്ച്വറിയും കടന്ന് കുതിക്കുന്ന വെളിച്ചെണ്ണ വിലയ്‌ക്കൊപ്പമെത്താൻ മറ്റ് എണ്ണകളും കുതിക്കുന്നു. ഹോട്ടലുകളിലെ കച്ചവടം കുറഞ്ഞിട്ടും ലോക്ക് ഡൗണിൽ കൂടുതലായി വിൽപ്പനയില്ലാതായിട്ടും എണ്ണ വില ഉയരുകയാണ്. ലോക്ക് ഡൗണിന് ശേഷം സജീവമാകാനൊരുങ്ങുന്ന ഹോട്ടലുകൾക്കും വില വർദ്ധന തിരിച്ചടിയാവും. ഓരോ ദിവസവും എണ്ണ വില വർദ്ധിക്കുന്നതായാണ് ആക്ഷേപം.

220 രൂപയ്‌ക്കു മുകളിലാണ് നിലവിൽ വെളിച്ചെണ്ണയുടെ വില. വെളിച്ചെണ്ണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാം ഓയിൽ വില ലിറ്ററിനു 145 രൂപയായി. സമീപകാലത്ത് 30 രൂപയുടെ വർദ്ധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. ഹോട്ടലുകളിലും തട്ടുകടകളിലും കൂടുതലായി ഉപയോഗിക്കുന്നത് പാം ഓയിലാണ്. സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും കുറവല്ല. സൂര്യകാന്തി എണ്ണയുടെ വിലയിൽ ഒരു വർഷത്തിനുള്ളിൽ 50 രൂപയോളം വർദ്ധിച്ചു. ബ്രാൻഡ് അനുസരിച്ച് ലിറ്ററിന് 175 രുപ മുതലാണ് വില. ആവശ്യക്കാർ കുറവാണെങ്കിലും തവിടെണ്ണയും ജില്ലയിൽ വിറ്റഴിക്കപ്പെടുന്നു. എന്നാൽ, വിലയിൽ കുറവൊന്നുമില്ല. ശരാശരി വില 170 രൂപയ്ക്കു മുകളിൽ. അതിഥി തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്ന കടുകെണ്ണയ്ക്കും വില 170- 180 റേഞ്ചിലാണ്.
വീടുകളിലും ഹോട്ടലുകളിലും എല്ലാം ദിവസവും വേണ്ടി വരുന്ന ഒന്നാണ് എണ്ണ. ഹോട്ടലുകളിൽ എട്ടും പത്തും ലിറ്റർ വരെ വേണ്ടി വരും. വിലയിലെ അനിയന്ത്രിത കുതിപ്പ് സാധാരണക്കാർക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. ലോക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ തുറക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനിടെയാണ് ഭക്ഷ്യ എണ്ണയുടെ വില കുത്തനെ ഉയരുന്നത്. ഓണ സീസൺ ആരംഭിക്കാനാരിക്കെ ഉപ്പേരി, ശർക്കരവരട്ടി വ്യാപാരത്തെയും ഭക്ഷ്യ എണ്ണയുടെ വില വർദ്ധന ബാധിക്കും.

'ശുദ്ധമായ' എണ്ണയ്ക്ക് കൂടിയ വില

വെളിച്ചെണ്ണയുടെ ശരാശരി വില 220 രൂപയാണെങ്കിലും സ്റ്റിക്കറൊട്ടിച്ച് കുപ്പിയിലാക്കിയെത്തുന്ന എണ്ണയ്ക്ക് 250 രൂപ വരെയാണ് പല കമ്പനികളും വാങ്ങുന്നത്. ശുദ്ധമായ എണ്ണയെന്നും ചക്കിലാട്ടിയ എണ്ണയെന്നുമുള്ള പേരിൽ 300 രൂപയും പല കമ്പനികളും ഈടാക്കുന്നുണ്ട്. എന്നാൽ ഇവയുടെയൊന്നും ഗുണ നിലവാരം സംബന്ധിച്ച് ഉറപ്പൊന്നുമില്ലതാനും.

വില നിലവാരം

വെളിച്ചെണ്ണ 220 രൂപ

പാം ഓയിൽ 145 രൂപ

സൂര്യകാന്തി 175 രുപ

തവിടെണ്ണ 170 രൂപ

കടുകെണ്ണല 180

'മലയാളിയുടെ ഭക്ഷണ ശീലത്തിൽ ഒഴിവാക്കാനാവാത്ത വെളിച്ചെണ്ണയുടെ വില അനുദിനം വർദ്ധിക്കുന്നതിനെതിരെ ആരും ശബ്ദിച്ചു കാണുന്നില്ല. കൂടിയ വിലയ്ക്ക് ലഭിക്കുന്ന എണ്ണകൾ ശുദ്ധമാണെന്ന് ഉറപ്പു വരുത്താനെങ്കിലും അധികൃതർ ശ്രദ്ധിക്കണം.'

-അർച്ചന, വീട്ടമ്മ, കോടിമത

Advertisement
Advertisement