വാരാന്ത്യ ലോക്ക് ‌ഡൗൺ അവസാനിച്ചു

Monday 21 June 2021 2:25 AM IST

തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങളോടെ ജില്ലയിലെ വാരാന്ത്യ ലോക്ക് ഡൗൺ അവസാനിച്ചു. റോഡുകൾ തുറന്നുനൽകിയിരുന്നെങ്കിലും പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലെ കവാടങ്ങളിലായിരുന്നു പൊലീസ് ശക്തമായ നിരീക്ഷണം നടത്തിയത്.

അതേസമയം ഇന്ന് വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും അടക്കമുള്ളവ തുറന്ന് പ്രവർത്തിക്കും. കൊവിഡ് സാഹചര്യം പരിശോധിച്ചാകും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ഇന്നലെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാവിലക്ക് ലംഘിച്ച 321 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘിച്ച 62 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരമാണ് കേസെടുത്തത്.

മാസ്‌ക് ധരിക്കാത്തതിന് 148 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത അ‌ഞ്ചുപേരിൽ നിന്നുമായി 76,500 രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 98 വാഹനങ്ങൾക്കെതിരെയും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത എട്ട് കടകൾക്കെതിരെയും നടപടി സ്വീകരിച്ചു. റൂറൽ മേഖലയിൽ 1167 കേസുകൾ രജിസ്റ്റർ ചെയ്തു. 673 പേരെ പിടികൂടുകയും 558 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു..

Advertisement
Advertisement