ട്രാക്ക് തെറ്റി വള്ളംകളി

Monday 21 June 2021 4:09 AM IST

 വള്ളംകളി സീസൺ ഇക്കുറിയും നഷ്ടമാവും


ആലപ്പുഴ: പ്രളയവും കൊവിഡും എതിരെ തുഴയുന്നതിനാൽ 2018 മുതൽ ട്രാക്ക് തെറ്റിയ വള്ളംകളികൾ ഒന്നുംതന്നെ ഇത്തവണയും നടക്കില്ലെന്നുറപ്പ്. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) എന്ന പേരിൽ നെഹ്രുട്രോഫിയിൽ തുടങ്ങി കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന 'വള്ളംകളി ടൂർണമെന്റ് ' ഇനി അടുത്ത വർഷം നടന്നാലായി!

ആദ്യ രണ്ടു വർഷങ്ങളിൽ പ്രളയമാണ് സി.ബി.എല്ലിനെ അപഹരിച്ചത്. കഴിഞ്ഞ തവണ കൊവിഡായിരുന്നു വഴിമുടക്കി. ക്ഷേത്രങ്ങളുമായി ബന്ധമുള്ള വള്ളംകളികൾ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുമാത്രമായി നടത്താനും മറ്റ് ജലോത്സവങ്ങൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചതോടെ വള്ളം ഉടമകളും ബോട്ട് ക്ളബ്ബുകളും തുഴച്ചിൽകാരും പ്രതിസന്ധിയിലാണ്. ചമ്പക്കുളം, നെഹ്രുട്രോഫി, പായിപ്പാട്, ആറന്മുള ഉതൃട്ടാതി ജലോത്സവം, രാജീവ് ഗാന്ധി ട്രോഫി, മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം, നീരേറ്റുപുറം പമ്പ ജലമേള, കരുവാറ്റ എന്നീ ജലമേളകളാണ് പ്രധാനപ്പെട്ടത്.

വള്ളംകളി സീസൺ ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പേ സംഘടനകളും കരക്കാരും മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തും. വള്ളം പുതുക്കുന്നത് ഈ സമയത്താണ്. തുടർന്ന് ട്രയലുകൾ ആരംഭിക്കും. വള്ളം പണിക്കാർക്കും തുഴച്ചിൽക്കാർക്കും സീസണിൽ ലഭിക്കാറുള്ള വരുമാനവും കൊവിഡ് ഇല്ലാതാക്കി.

ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ഓണസീസണിലെ കാഴ്ചയായിരുന്നു. അപ്പർകുട്ടനാട്ടിൽ കരക്കാരുടെ ഒൻപതും വ്യക്തികളുടെ നാലും ഉൾപ്പെടെ 13 ചുണ്ടൻ വള്ളങ്ങളാണുള്ളത്.

 ചുരുളനിൽ ചുരുങ്ങി ചമ്പക്കുളം

ചമ്പക്കുളം മൂലം വള്ളംകളിയിലൂടെയാണ് ജില്ലയിലെ ജലമേളകൾക്കു തുടക്കം. മിഥുനത്തിലെ മൂലം നക്ഷത്രത്തിലാണ് ചമ്പക്കുളത്താറ്റിൽ രാജപ്രമുഖൻ ട്രോഫിക്കായി മത്സരം നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹവുമായി ബന്ധപ്പെട്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ മത്സരം. ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി ഇത്തവണ വള്ളംകളി ചുരുക്കി. 24ന് ചടങ്ങുകൾ നടക്കും. കഴിഞ്ഞ തവണത്തെപ്പോലെ സാമൂഹിക അകലം പാലിച്ച് ഒരു ചുണ്ടൻ വള്ളത്തെ മൂലക്കാഴ്ചയിൽ അണിനിരത്തണമെന്ന സംഘാടകരുടെ ആവശ്യം ജില്ലാ ഭരണകൂടം നിരാകരിച്ചു. പകരം 10 പേർ കയറുന്ന ചുരുളൻ വള്ളം അകമ്പടി സേവിക്കാൻ അനുമതി നൽകി.

 പേരിലൊതുങ്ങി നെഹ്രുട്രോഫി

ആഗസ്റ്റിലെ രണ്ടാം ശനിയിലാണ് നെഹ്രുട്രോഫിക്ക് പുന്നമടയൊരുങ്ങുന്നത്. ജവഹർലാൽ നെഹ്രുവിന്റെ കേരള സന്ദർശനത്തിന്റെ സ്മരണ പുതുക്കലാണ് നെഹ്രുട്രോഫി ജലോത്സവം. 1952ൽ പുന്നമടക്കായലിൽ നടന്ന മത്സരം കണ്ട് ആവേശം കയറിയ നെഹ്രു, ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്രു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകുന്ന നെഹ്രുട്രോഫി. തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 മുതൽ നെഹ്രുവിനോടുള്ള ആദരവായി നെഹ്രുട്രോഫിയാക്കി.

......................

ചമ്പക്കുളം മൂലം മത്സരവള്ളംകളി ഇത്തവണയില്ല. സർക്കാർ നിർദ്ദേശപ്രകാരം ആചാരപരമായി ശ്രീകൃഷ്ണഭാഗവാന്റെ പ്രസാദവുമായുള്ള മൂലക്കാഴ്ച 24ന് രാവിലെ 11ന് കരുമാടിയിൽ നിന്ന് ചമ്പക്കുളത്തേക്ക് പുറപ്പെടും

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അമ്പലപ്പുഴ ക്ഷേത്രം

Advertisement
Advertisement