കടയ്‌ക്കാവൂർ പോക്‌സോ കേസിൽ വഴിത്തിരിവ്; അമ്മ നിരപരാധി, മകന്‍റെ ആരോപണം വ്യാജമെന്ന് കണ്ടെത്തൽ

Monday 21 June 2021 10:29 AM IST

തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന കടയ്‌ക്കാവൂർ കേസിൽ വൻ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നാണ് അന്വേഷണസംഘം പറയുന്നത്.

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം.

അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം, പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.