രാജ്യത്ത് ഇന്ന് 88 ദിവസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ രോഗനിരക്ക്, 53,256 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഏറ്റവുമധികം രോഗികൾ കേരളത്തിൽ, 18 വയസിന് മുകളിലുള‌ളവർക്ക് ഇന്നുമുതൽ സൗജന്യ വാക്‌സിൻ

Monday 21 June 2021 11:00 AM IST

ന്യൂ‌ഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ഏതാണ്ട് അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 88 ദിവസങ്ങൾക്കിടെ ഏ‌റ്റവും കുറവ് പ്രതിദിന രോഗനിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്‌ചകളായി പ്രതിദിന കൊവിഡ് കണക്ക് രാജ്യത്ത് ഒരു ലക്ഷത്തിൽ താഴെയാണ്. 1422 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്.

78,190 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 2.99 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.88 കോടി പേർ രോഗമുക്തി നേടി. തിങ്കളാഴ്‌ച പരിശോധിച്ചത് 13.88 ലക്ഷം സാമ്പിളുകളാണ്. ഇതുവരെ പരിശോധിച്ചത് 39 കോടി സാമ്പിളുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

18 വയസിന് മുകളിലുള‌ളവർക്ക് സൗജന്യവാക്‌സിൻ വിതരണം ഇന്നുമുതലാണ്. പ്രതിദിന കൊവിഡ് കണക്കിൽ വിവിധ സംസ്ഥാനങ്ങളിൽ മുന്നിലുള‌ളത് കേരളമാണ്. 11,647 കേസുകൾ. പിന്നിലായി മഹാരാഷ്‌ട്ര (9361), തമിഴ്‌നാട് (7817), കർണാടക(4517) എന്നിവയുമുണ്ട്.