സ്ത്രീ പീഡ‌നത്തിന് കാരണം വസ്ത്രധാരണരീതി, വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും

Monday 21 June 2021 1:10 PM IST

ലാഹോർ: സ്ത്രീകളുടെ മോശം വസ്ത്രധാരണ രീതികളാണ് പാകിസ്ഥാനിൽ വർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങൾക്കു കാരണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാൻ ഖാൻ ഇത്തരമൊരു അഭിപ്രായം പറയുന്നത്. പാകിസ്ഥാനിൽ ഇത് വൻ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. എന്നാൽ തന്റെ അഭിപ്രായത്തിൽ യാതൊരു മാറ്റവുമില്ലെന്ന സൂചനയാണ് ഇമ്രാൻ ഇതേ അഭിപ്രായം വീണ്ടും ആവർത്തിച്ചതിൽ നിന്നും മനസ്സിലാകുന്നത്.

ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നതെങ്കിൽ അത് ഉറപ്പായും പുരുഷനിൽ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കിൽ അയാൾ ഒരു യന്ത്രമനുഷ്യൻ ആയിരിക്കണം എന്നുമാണ് ഒരുസ്വകാര്യ ടെലിവിഷൻ പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞത്.

ഏതാനും നാളുകൾക്ക് മുമ്പ് നൽകിയ മറ്റൊരു അഭിമുഖത്തിൽ പുരുഷന്മാരിൽ സ്ത്രീകളെകുറിച്ച് ദുഷിച്ച ചിന്തകൾ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പർദ്ദ പോലുള്ള വസ്ത്രധാരണരീതികൾ പ്രചാരത്തിലുള്ളതെന്ന് ഇമ്രാൻ പറഞ്ഞിരുന്നു. പാകിസ്ഥാനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകൾ അന്ന് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.