ലിലിബെറ്റിന് രാജപദവിയില്ലെന്ന് രാജകുടുംബം

Tuesday 22 June 2021 12:00 AM IST

വാഷിംഗ്ടൺ: ഹാരി രാജകുമാരന്റേയും ഭാര്യ മേഗൻ മാർക്കിളിന്റേയും ഇളയ പുത്രിയായ ലിലിബെറ്റിന് രാജകുമാരിയെന്ന പദവി ലഭിക്കാനിടയില്ലെന്ന് രാജകുടുംബം. ഹാരിയുടെ പിതാവായ ചാൾസ് രാജകുമാരൻ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുകയെന്നാണ് വിവരം. രാജപദവിയിലുള്ളവരുടെ എണ്ണം ചാൾസ് കുറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് സൂചനയുണ്ട്. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങൾക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിശദീകരണം.

അതേസമയം, ഹാരിയുടേയും മേഗന്റെയും മൂത്ത പുത്രനായ ആർച്ചി രാജപരമ്പരയുടെ ഏഴാംതലമുറയിലാണ് ഉൾപ്പെടുന്നത്. എന്നാൽ, ആർച്ചിയുടെ സുരക്ഷക്കുവേണ്ടി ബക്കിംഗ്ഹാം കൊട്ടാരം പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് ഹാരിയും മേഗനും നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമമനുസരിച്ച് ലിലിബെറ്റിനും ആർച്ചിയ്ക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടർച്ചാവകാശവും രാജകുമാരൻ എന്ന പദവിയും ലഭിക്കും. എന്നാൽ, ലിലിബെറ്റിനും ആർച്ചിയ്ക്കും പിന്തുടർച്ച ലഭിക്കാതിരിക്കാൻ വേണ്ടി രേഖകളിൽ നിയമപരമായി ചാൾസ് തിരുത്തൽ വരുത്തുമെന്നാണ് സൂചന.

കൊട്ടാരത്തിൽ നിന്ന് രാജപദവികൾ ഉപേക്ഷിച്ച് പോയതിൽ രാജകുടുംബാംഗങ്ങൾക്ക് ഹാരി - മേഗൻ ദമ്പതിമാരോട് നീരസമുണ്ടെന്നും റിപ്പോർട്ടുണ്ട്. താൻ കൊട്ടാരത്തിൽ വംശീയാധിക്ഷേപത്തിന് ഇരയായെന്ന മേഗന്റെ വെളിപ്പെടുത്തലും കോളിളക്കം സൃഷ്ടിച്ചിരുന്നു.

Advertisement
Advertisement