'സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ല, അതിനോട് പ്രതികരിച്ചു, അത് അവിടെ അവസാനിച്ചു'; ബ്രണ്ണൻ വിവാദം അവസാനിപ്പിച്ച് സിപിഎം

Monday 21 June 2021 5:44 PM IST

തിരുവനന്തപുരം: ബ്രണ്ണൻ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് സിപിഎം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. 'സുധാകരൻ പറഞ്ഞതിനോട് പ്രതികരിച്ചു, അത് അവിടെ അവസാനിച്ചു' വിജയരാഘവൻ അഭിപ്രായപ്പെട്ടു.

പെട്രോൾ-ഡീസൽ വിലവർദ്ധനയ്ക്കെതിരെ എൽ‌ഡി‌എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തെ കുറിച്ച് അറിയിക്കവെയാണ് എൽ‌ഡി‌എഫ് കൺവീനർ കൂടിയായ എ.വിജയരാഘവൻ മാദ്ധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.

ഏത് സമയവും പെട്രോൾ ഡീസൽ വില നൂറ് കടക്കപം. ഇതിനെതിരെ പഞ്ചായച്ച് വാർഡുകളിലും എൽഡി‌എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജൂൺ 30ന് വൈകിട്ട് നാലിന് 25,000 കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങളിൽ ഇന്ധനവില കുറയ്‌ക്കാൻ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ സാധിക്കില്ലെന്ന് എ.വിജയരാഘവൻ പറഞ്ഞു.

ഇന്ധനനികുതി സംസ്ഥാനം കുറയ്‌ക്കണം എന്ന കോൺഗ്രസ് ആവശ്യത്തെയും അദ്ദേഹം തള‌ളി. കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലേേതിനെക്കാൾ ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും എൽ‌ഡി‌എഫ് കൺവീനർ അറിയിച്ചു.

മരംമുറി വിഷയത്തിൽ സർക്കാർ കർഷകർക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. അവരുടെ ആവശ്യമനുസരിച്ചാണ് മരംമുറിയ്‌ക്കാൻ ഉത്തരവ് നൽകിയത്. അത് ദുർവിനിയോഗം ചെയ്‌തയുടൻ സർക്കാർ ശക്തമായി ഇടപെട്ടെന്നും വിജയരാഘവൻ പറഞ്ഞു.