വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ, സുരക്ഷിതത്വമില്ലാതെ വയോധികർ

Wednesday 23 June 2021 12:00 AM IST

കണ്ണൂർ: ജീവിത സായാഹ്നത്തിൽ ജീവന് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ വൃദ്ധർ. കൊല്ലപ്പെടുന്നതും പീഡനത്തിന് ഇരയാകുന്നതുമായ സംഭവങ്ങൾ നാൾക്കുനാൾ പെരുകുകയാണ്. അടുത്തടുത്ത ദിവസങ്ങളിലാണ് മലപ്പുറത്ത് രണ്ട് വൃദ്ധകൾ കൊല്ലപ്പെട്ടത്.

മലപ്പുറം തവനൂരിലും വളാഞ്ചേരിയിലുമാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. തവനൂർ കടകശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തത്തോട്ടിൽ ഇയ്യാത്തുട്ടി (70), കുറ്റിപ്പുറം നാഗപറമ്പ് വെള്ളാപറമ്പിൽ തിരുവാകുളത്ത് വീട്ടിൽ കുഞ്ഞിപ്പാത്തുമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏതാനും വർഷം മുമ്പ് കാസർകോട് ജില്ലയിൽ ചീമേനി പുലിയന്നൂരിലും കണ്ണൂർ ഇരിക്കൂറിലും വൃദ്ധകൾ കൊല്ലപ്പെട്ടിരുന്നു. പുലിയന്നൂരിൽ എഴുപത് കഴിഞ്ഞ ജാനകി ‌‌ടീച്ചറും ഇരിക്കൂറിൽ എൺപത് കഴിഞ്ഞ കുഞ്ഞാമിനയുമാണ് കൊല്ലപ്പെട്ടത്. റിട്ട. അദ്ധ്യാപികയായ ജാനകി ‌ടീച്ചറെ മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് കൃഷ്ണന് കഴുത്തിന് വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു.

കവർച്ചാ സംഘം വീട്ടിൽ നിന്നും 60,000 രൂപയും ഒരു മോതിരവും കവർച്ച ചെയ്താണ് രക്ഷപ്പെട്ടത്. സമാനമായ സംഭവമാണ് ഇരിക്കൂറിലും നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞാമിനയെ കസേരയിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വർണവും പണവുമായാണ് സംഘം കടന്നുകളഞ്ഞത്. കാതിൽ ഉണ്ടായിരുന്ന സ്വർണം കവരുന്നതിന് വേണ്ടി ചെവി മുറിച്ചെടുത്ത നിലയിലായിരുന്നു. മലപ്പുറത്തെ ഇയ്യാത്തുട്ടിയും വീട്ടിൽ തനിച്ചായിരുന്നു താമസം. വൈകീട്ട് ഭക്ഷണവുമായി വന്ന ഇയ്യാത്തുട്ടിയുടെ സഹോദരിയുടെ മകനാണ് ഇയ്യാത്തുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. ഇയ്യാത്തുട്ടിയുടെ ശരീരത്തിലും വീട്ടിലുമുണ്ടായിരുന്നു 20 പവൻ സ്വർണം നഷ്ടമായിരുന്നു. കുട്ടികളില്ലാത്തതിനാൽ വർഷങ്ങളായി തനിച്ചാണ് ഇയ്യാത്തുട്ടി വീട്ടിൽ കഴിഞ്ഞിരുന്നത്. വീട്ടിലെ അലമാര കുത്തിതുറന്ന നിലയിലായിരുന്നു. മുൻവശത്തെ വാതിലുകൾ പൂട്ടിയിട്ട അവസ്ഥയിലും വീടിന് പിറകിലെ വാതിൽ തുറന്നിട്ട അവസ്ഥയിലുമായിരുന്നു. കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരും വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ പോയി നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം ലക്ഷ്യമിട്ടാണ് അക്രമികൾ വന്നത്. കൊലപാതകത്തിന് ശേഷം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ നിന്നും 2.65 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ പേഴ്‌സുകളിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണമുണ്ടായിരുന്നത്. ഇതിൽ 13000 രൂപയുടെ നിരോധിച്ച നോട്ടുകളുമുണ്ടായിരുന്നു. പെൻഷൻ തുകയും നാട്ടിൽ നിന്നും സഹായമായി ലഭിച്ച പണവും സമാഹരിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു. വൃദ്ധർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഒന്നും നടക്കുന്നില്ലെന്നതാണ് അനുഭവം.

Advertisement
Advertisement