ചാക്ക പ്രദേശത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു

Tuesday 22 June 2021 12:00 AM IST

തിരുവനന്തപുരം: എയർപോർട്ടിനും ഹൈവേക്കും അടുത്ത് ചാക്ക പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് കഞ്ചാവ് വില്പന നടക്കുന്നതായി പരാതി. വൈകിട്ട് 6 മണി കഴിഞ്ഞാൽ ഐ.ടി.ഐ കോളനി പരിസരത്താണ് മയക്കുമരുന്ന് വില്പന നടക്കുന്നത്. പ്രദേശവാസികളായ ചില യുവാക്കളും ഇവരുടെ കൂടെയുണ്ട്. കഞ്ചാവും പണവും നൽകിയാണ് ഇവരെ വശത്താക്കിയത്. ഭീതിയിലാണ് തങ്ങൾ കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

രാത്രികാലങ്ങളിൽ നിരന്തരം വാഹനങ്ങളിൽ വരുന്ന ഇടപാടുകാരിൽ ടെക്‌നോപാർക്ക് ജോലിക്കാർ മുതൽ നഗരത്തിലെ ക്രിമിനലുകൾ വരെയുണ്ട്. വള്ളക്കടവ്, ബീമാപള്ളി, വലിയതുറ, പള്ളിത്തുറ, ബംഗ്ലാദേശ് കോളനികളിലെ ചിലരും ഇവിടെ വന്നുപോകുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം സംഘം ചേർന്ന് ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ജിത്തു എന്ന പ്രാദേശിക സി.പി.ഐ നേതാവിനെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. സി.പി.ഐ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ പോയപ്പോഴാണ് ജിത്തുവിനെ ഇവർ വഴിയിൽ തടഞ്ഞു വച്ച് മർദ്ദിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ജിത്തുവിനെ അക്രമികളിൽ നിന്ന് രക്ഷിക്കുകയായിരുന്നു. പ്രദേശവാസികളിൽ പലരും പൊലീസിൽ അറിയിച്ചിട്ടും വേണ്ട നടപടികൾ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Advertisement
Advertisement