എൻ.സി.പി നേതൃത്വത്തിൽ ഇന്ന് പ്രതിപക്ഷ യോഗം

Tuesday 22 June 2021 12:50 AM IST

ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി എൻ.സി.പി നേതാവ് ശരത് പവാറിന്റെ നേതൃത്വത്തിൽ പ്രമുഖ പ്രതിപക്ഷ കക്ഷികൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. ഇന്ന് വൈകിട്ട് 4ന് ചേരുന്ന യോഗത്തിലേക്ക് 15 പ്രതിപക്ഷ കക്ഷികളെയാണ് ക്ഷണിച്ചിട്ടുള്ളത്. മുമ്പു നടന്ന പ്രതിപക്ഷ യോഗങ്ങൾക്ക് മുൻകൈയെടുത്ത കോൺഗ്രസ് ഈ യോഗത്തിൽ പങ്കെടുക്കില്ല.

ഫറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ഡി. രാജ (സി.പി.ഐ), യശ്വന്ത് സിൻഹ (തൃണമൂൽ), സഞ്ജയ് സിംഗ് (ആംആദ്മിപാർട്ടി) തുടങ്ങിയവർക്കൊപ്പം ബി.ജെ.പി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കുന്ന കെ.ടി.എസ് തുളസി, ജസ്റ്റിസ് എ.പി.സിംഗ്, ജാവേദ് അക്തർ, കരൺ ഥാപർ, മജീദ് മേമൺ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി തുടങ്ങിയ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിദഗ്ദ്ധനും സമാജ്‌വാദി പാർട്ടി നേതാവുമായ പ്രശാന്ത്കിഷോർ കഴിഞ്ഞയാഴ്ച മുംബയിൽ പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാൻ തീരുമാനമായത്. ഇരുവരും ഇന്നലെ ഡൽഹിയിൽ കണ്ടിരുന്നു.