പെട്ടിയും പറയും വഴിമാറുന്നു; ഇനി പുതിയ പമ്പുകൾ

Tuesday 22 June 2021 1:07 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ റാണി -ചിത്തിര കായലുകളിൽ കൃഷി വകുപ്പ് ആധുനിക സബ് മേഴ്‌സിബിൾ വെർട്ടിക്കൽ ആക്‌സൈൽ ഫ്‌ളോ പമ്പുകൾ സ്ഥാപിക്കും. വെള്ളം വറ്റിക്കാനുള്ള നിലവിലെ ഒൻപത് പെട്ടിയും പറയും മാറ്റി അവിടെ പുതിയ തരം പമ്പുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. പുതിയ വെർട്ടിക്കൽ പമ്പുകൾ കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിക്ക് അനുയോജ്യമാണ്. കൃഷി കഴിഞ്ഞ് പമ്പ് എടുത്തുമാറ്റേണ്ടിവരുന്നില്ല എന്നത് ഇതിന്റെ പ്രത്യേകത. ബണ്ട് മുറിക്കാതെ മുകളിലൂടെയാണ് വെള്ളം പമ്പ് ചെയ്ത് നീക്കുന്നത്. മടവീഴ്ച സാദ്ധ്യത കുറയും. പെട്ടിയും പറയേക്കാൾ ഊർജ സംരക്ഷണവും 30 ശതമാനം അധിക ശേഷിയും ഈ പമ്പുകൾക്കുണ്ട്. 16.27 ലക്ഷം രൂപയാണ് ഒരു പമ്പിന് ചെലവഴിച്ചത്. ചിത്തിരയിലെ ഒന്നാം തറയിലെ സബ് മേഴ്‌സിബിൾ പമ്പിന്റെ സ്വിച്ച് ഓൺ മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ചിത്തിര കായൽ പാടശേഖര സമിതി സെക്രട്ടറി അഡ്വ.വി.മോഹൻദാസ് പങ്കെടുത്തു.

Advertisement
Advertisement