വാ​ക്‌​സി​ൻ​ ​ച​ല​ഞ്ചി​നെച്ചൊല്ലി ​കൗ​ൺ​സി​ലി​ൽ​ ​ബ​ഹ​ളം

Tuesday 22 June 2021 3:39 AM IST

തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിലേക്ക് നഗരസഭ നൽകിയ രണ്ട് കോടി രൂപ മടക്കി വാങ്ങണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിനെ തുടർന്ന് നഗരസഭാ കൗൺസിലിൽ ബി.ജെ.പി - എൽ.ഡി.എഫ് കൗൺസിലർമാരുടെ വാക്കുതർക്കം. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയ തുക തിരികെ ലഭിച്ചാൽ സാമ്പത്തിക ഞെരുക്കം നേരിടുന്ന നഗരസഭയ്ക്ക് പ്രയോജനമാകുമെന്നും ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.

ക്രമവിരുദ്ധമായും ചട്ടങ്ങൾ പാലിക്കാതെയുമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. മഴക്കെടുതി, പ്രളയം കാലവർഷക്കെടുതി,​ കടൽഭിത്തി നിർമ്മാണം പോലുള്ള അടിയന്തരഘട്ടങ്ങളിൽ മാത്രമേ മേയർക്ക് മുൻകൂർ അനുമതി നൽകാൻ സാധിക്കൂവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. മുൻകൂറായി പണം അനുവദിച്ചെങ്കിൽ തൊട്ടടുത്ത കൗൺസിലിൽ ഐകകണ്ഠേന ഇത് പാസാകണമെന്നും ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.

എന്നാൽ ചട്ടങ്ങൾ പാലിച്ചാണ് തുക നൽകിയതെന്നും മേയർ പറഞ്ഞു. തുടർന്ന് കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ ഇടതുപക്ഷ കൗൺസിലർ അംശു വാമദേവൻ വിമർശനം ഉന്നയിച്ചു. ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ മറുപടി നൽകിയതോടെ തർക്കം മുറുകി. കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം കുറ്റം മാത്രം പറയുകയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി കൗൺസിലറായ കരമന അജിത്തും തിരുമല അനിലും പറഞ്ഞു. 'സുപ്രീം കോടതിയുടെ പരാമർശത്തിനുശേഷം വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് നന്ദി' എന്ന് പറഞ്ഞ് മേയർ ഇടപെട്ടു. തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് അറിയിച്ചു.

നഗരസഭയിൽ പണികഴിപ്പിച്ച മൾട്ടിലെവൽ കാർപാർക്കിംഗ് സിസ്റ്റം 9 മാസമായി പ്രവർത്തിക്കാത്തിൽ ബി.ജെ.പി പ്രതിഷേധം രേഖപ്പെടുത്തി. കൗൺസിൽ ആരംഭിക്കുന്നതിന് മുമ്പ് കാർ പാർക്കിംഗ് സിസ്റ്റത്തിന് മുന്നിൽ ബി.ജെ.പി കൗൺസിലർമാർ റീത്തുവച്ച് പ്രതിഷേധിച്ചു. വിഷയം കൗൺസിലിൽ ഉന്നയിച്ചപ്പോൾ കരാറുകാരന്റെ അനാസ്ഥമൂലമാണ് ജോലികൾ പൂർത്തിയാകാത്തതെന്നും അതിനുവേണ്ട നടപടികൾ സ്വീകരിച്ച് ജൂലായ് 30ന് മുമ്പ് ജോലികൾ പൂർത്തിയാക്കുമെന്ന് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ മറുപടി നൽകി.

ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ നഗരസഭയുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മേയ് ഏഴ് മുതൽ ജൂൺ 17 വരെ വാടകയിൽ ഇളവ് അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു.

മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിന്

കൂടുതൽ തുകയാകും

തിരുവനന്തപുരം∙ പുത്തരിക്കണ്ടത്തും നഗരസഭാ ഓഫിസ് വളപ്പിലും സ്ഥാപിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകാൻ ഇനിയും 1.27 കോടി രൂപ വേണം. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം അമൃത് പദ്ധതിക്ക് അനുവദിച്ച തുകയിൽ നിന്ന് 17.64 കോടി ചെലവാക്കാനായിരുന്നു ഭരണാനുമതി. കൺസൾട്ടന്റായ കിറ്റ്കോയുടെ വീഴ്ചയെന്നാണ് കോർപ്പറേഷന്റെ വാദം. അധിക തുക അനുവദിക്കാൻ കൗൺസിൽ അനുമതി നൽകി. ആസ്ഥാന ഓഫിസ് വളപ്പിലെ കേന്ദ്ര നിർമ്മാണത്തിന് 5.64 കോടിയും പുത്തരിക്കണ്ടത്തെ കേന്ദ്രത്തിനു 12 കോടിയുമാണ് ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ്. നിർമ്മാണം പുരോഗമിക്കവെ ഈ തുക മതിയാകില്ലെന്ന് ബോദ്ധ്യമായതോടെ 6.13 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് തദ്ദേശ വകുപ്പ് ചീഫ് എൻജിനിയർ ഓഫീസിന്റെ അനുമതി ലഭിച്ചു. അനുബന്ധ ജോലികൾക്ക് കരാർ നൽകിയ കമ്പനികൾ കൂടുതൽ ക്വാട്ട് ചെയ്തതോടെ 6.13 കോടിക്കും പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകില്ലെന്ന് ഉറപ്പായി. 6.71 കോടിയാണ് പുതിയ എസ്റ്റിമേറ്റ്. പുത്തരിക്കണ്ടത്തെ പാർക്കിംഗ് കേന്ദ്രത്തിന് 14.86 കോടിയാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ 12.19 കോടിക്ക് നിർമാണം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. മെഡിക്കൽ കോളേജ് വളപ്പിൽ പാർക്കിംഗ് കേന്ദ്ര നിർമാണത്തിനു 11 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. 12.24 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 14 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളതിനാൽ ഇതിനായി അധിക തുക കണ്ടെത്തേണ്ടതില്ല.

Advertisement
Advertisement