വിസ്‌മയയുടെ മരണം; കിരണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്

Tuesday 22 June 2021 7:49 AM IST

കൊല്ലം: വിസ്മയ എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയേക്കും.

കൂടുതൽ പേരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാര്യത്തിൽ വ്യക്തത വരും.

അതേസമയം വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട് സന്ദർശിക്കും.സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ പുലർച്ചെയാണ് ഇരുപത്തിനാലുകാരിയായ വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങൾ വിസ്മയ സഹോദരന് വാട്സാപ്പിൽ അയച്ചുകൊടുത്തിരുന്നു.

Advertisement
Advertisement