ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഒരു ലക്ഷം രൂപ സമ്മാനം, ഞെട്ടിച്ച് ഇന്ത്യൻ സംസ്ഥാനം

Tuesday 22 June 2021 11:08 AM IST

ഐസാൾ: പല ഇന്ത്യൻ സംസ്ഥാനങ്ങളും ജനസംഖ്യാവർദ്ധനവ് പിടിച്ചുനിർത്താൻ പെടാപാട് പെടുമ്പോൾ മിസോറാം കായികമന്ത്രി റോബർട്ട് റൊമാവിയ റോയിട്ടെ തന്റെ നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവരായിരിക്കണം എന്നത് മാത്രമാണ് ഏക നിബന്ധന.

ഐസാൾ ഈസ്റ്റ് രണ്ടിൽ നിന്നുള്ള ജനപ്രതിനിധിയാണ് റോബർട്ട് റൊമാവിയ. താരതമ്യേന കുറവ് അംഗങ്ങളുള്ള മിസോ വിഭാഗത്തിൽ അംഗസംഖ്യ കൂട്ടാനുള്ള മാർഗമായി പലരും മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നുണ്ടെങ്കിലും നെറ്റിചുളിക്കുന്നവരും കുറവല്ല.

കഴിഞ്ഞ ഫാദേഴ്സ് ഡേയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. വിജയിക്കുന്ന വ്യക്തിക്ക് ഒരു സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. പക്ഷെ, ഈ സമ്മാനങ്ങളും രൂപയും ഒന്നും സർക്കാർ ചെലവിലല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ നിർമ്മാണ കമ്പനിയാണ് ഇതിന്റെ സാമ്പത്തിക ബാദ്ധ്യത മുഴുവൻ വഹിക്കുന്നത്.

മിസോറാമിൽ ജനസംഖ്യ നിരക്ക് വളരെ കുറവാണെന്നും അതിനാൽ തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമിന്റെ വളർച്ചാ നിരക്ക് വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.