'മോദി, ആ പേര് മാത്രം മതി തിരഞ്ഞെടുപ്പിൽ നമുക്ക് ജയിക്കാൻ'; ഉത്തർപ്രദേശ് ഭരണം നിലനിർത്തുമെന്ന് ഉറച്ച വിശ്വാസത്തിൽ പ്രവർത്തനങ്ങളുമായി ബിജെപി

Tuesday 22 June 2021 11:40 AM IST

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും രക്ഷാധികാരത്വവും മാത്രം മതി അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ജയിക്കാനെന്ന് ഉത്തർപ്രദേശ് ബിജെപി. പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായ എ.കെ ശ‌ർമ്മയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്‌തതിലുൾപ്പടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാന ബിജെപി നേതാക്കളിൽ തന്നെ കടുത്ത അതൃപ്തി പുകയുമ്പോഴാണ് ശർമ്മയുടെ ഈ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്.

'2013-14 സമയത്ത് ഉത്തർപ്രദേശിലെ ജനങ്ങൾ ചെയ്‌തതുപോലെ ഇപ്പോഴും അവർ മോദിജിയെ സ്‌നേഹിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ അതുമതി.' ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗിന് അയച്ച കത്തിൽ എ.കെ ശ‌ർമ്മ പറയുന്നു. പാർട്ടി ജയിക്കാൻ താനും തന്റെ സഹപ്രവർത്തകരും പരമാവധി ശ്രമിക്കുമെന്നും ശർമ്മ കത്തിൽ അറിയിച്ചു.

യോഗി ആദിത്യനാഥ് നയിച്ചാൽ കൂടുതൽ സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന വിശ്വാസവും എ.കെ ശർമ്മ പ്രകടിപ്പിച്ചു. മുൻപ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2001 മുതൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലി നോക്കിയയാളാണ് മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥനായ ശർമ്മ. ഗുജറാത്തിലെ 'വൈബ്രന്റ് ഗുജറാത്ത്' ക്യാമ്പെയിൻ നന്നായി നടത്തിയാണ് ശർമ്മ പ്രധാനമന്ത്രിയുടെ വിശ്വസ്‌തനായി മാറിയത്. തുടർന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായി.