മോദിയുടെ കണ്ണീര് ജീവൻ രക്ഷിക്കില്ല, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Tuesday 22 June 2021 12:39 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കണ്ണീരല്ല മറിച്ച് ഓക്സിജനാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് കൊവിഡിനെതിരെ നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയ അവസരത്തിലാണ് രാഹുൽ ഇത് പറഞ്ഞത്. എന്നാൽ സർക്കാരിനെ കുറ്റപ്പെടുത്തുകയല്ല മറിച്ച് കൊവിഡിന്റെ മൂന്നാം വരവിനെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന ചില നിർദ്ദേശങ്ങളാണ് ധവളപത്രത്തിൽ ഉൾക്കൊളളിച്ചിട്ടുളളതെന്ന് രാഹുൽ പറഞ്ഞു. ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യത്ത് മൂന്നാം തരംഗത്തിൽ ഒന്നും നിൽക്കില്ലെന്നും ഇനിയും നിരവധി കൊവി‌‌ഡ് തരംഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു.

"രാജ്യം ഈ അവസരത്തിൽ കൊവിഡ് മൂന്നാം തരംഗത്തിനായി തയ്യാറെടുക്കുകയാണ്. എന്നാൽ ഇത് മൂന്നാം തരംഗത്തോടു കൂടി നിൽക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്," രാഹുൽ പറഞ്ഞു. സർക്കാർ മൂന്നാം തരംഗത്തിനായി തയ്യാറെടുക്കണം. അതിനു വേണ്ടി സർക്കാരിനെ സഹായിക്കുക എന്നത് മാത്രമാണ് ഈ ധവളപത്രത്തിന്റെ ലക്ഷ്യം.അല്ലാതെ കേന്ദ്രസർക്കാരിനെ പ്രതികൂട്ടിലാക്കുക എന്ന ഉദ്ദേശം ഈ ധവളപത്രത്തിനില്ല," രാഹുൽ കൂട്ടിചേർത്തു.