നാരദക്കേസ് ഹർജി: സുപ്രീംകോടതി ജഡ്ജി പിന്മാറി
ന്യൂഡൽഹി: നാരദക്കേസ് വിചാരണ ബംഗാളിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ അപേക്ഷയിൽ ബംഗാൾ മുഖ്യമന്ത്രിയും നിയമമന്ത്രിയും അവരുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കൊൽക്കത്ത സ്വദേശിയായ അനിരുദ്ധ ബോസാണ് നാരദ കൈക്കൂലിക്കേസ് കേൾക്കുന്ന ബെഞ്ചിൽ നിന്നും പിന്മാറിയത്. ഇതോടെ കേസിലെ വാദം 25ലേക്ക് മാറ്റി. അതുവരെ കൊൽക്കത്ത കോടതി ഈ കേസിൽ വാദം കേൾക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് വിനീത് ശരൺ നയിക്കുന്ന ബെഞ്ച് മമത ബാനർജിയുടെ ഹർജി 25ന് പരിഗണിക്കുക. ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ അരങ്ങേറിയ അക്രമസംഭവങ്ങളെ സംബന്ധിച്ച കേസിൽ നിന്ന് കൊൽക്കത്ത സ്വദേശിനിയായ ജസ്റ്റിസ് ഇന്ദിര ബാനർജി നേരത്തേ പിന്മാറിയിരുന്നു. അതിനുശേഷമാണ് സമാനമായ മറ്റൊരു കേസിൽ നിന്ന് കൊൽക്കത്ത സ്വദേശിയായ ജഡ്ജി പിന്മാറുന്നത്.