സർക്കാരിന്റെ വീഴ്ചകൾ തുറന്ന് കാട്ടി കൊവിഡ് ധവളപത്രവുമായി കോൺഗ്രസ്

Wednesday 23 June 2021 12:45 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ നടപടികളിലും വാക്സിൻ നൽകുന്നതിലും ദുർബല വിഭാഗങ്ങളെ സഹായിക്കുന്നതിലും കേന്ദ്രസർക്കാരിനുണ്ടായ പിഴവുകളെ വിമർശിച്ചും ഭാവിയിലെ രോഗവ്യാപനം തടയാനുള്ള നടപടികൾ ചൂണ്ടിക്കാട്ടിയും കോൺഗ്രസ് ധവളപത്രം പുറത്തിറക്കി. സർക്കാരിനെതിരെ വിരൽ ചൂണ്ടുക മാത്രമല്ല, മൂന്നാം തരംഗം അടക്കം തടയാനുള്ള ഉപാധികളും ധവളപത്രത്തിലുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്ത് കൊവിഡ് ഒന്നും രണ്ടും തരംഗം നിയന്ത്രിക്കുന്നതിൽ വന്ന പിഴവുകൾ ധവളപത്രത്തിൽ വിശദീകരിക്കുന്നുണ്ടെന്നും തെറ്റു പറ്റിയത് എവിടെയാണെന്ന് മനസിലാക്കാൻ കേന്ദ്രസർക്കാരിന് കഴിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വൈറസ് ജനിതക മാറ്റത്തിന് വിധേയമാകുന്നതിനാൽ മൂന്നാം തരംഗം മാത്രമല്ല, അതിന് പിന്നാലെ അനേകം തരംഗങ്ങളുണ്ടാകാം. അതിനാൽ തയാറെടുപ്പുകൾ എങ്ങനെ വേണമെന്നും ഒന്നും രണ്ടും തരംഗസമയത്ത് ക്ഷാമം നേരിട്ട ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യത അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും വിശദീകരിക്കുന്നു. നൂറു ശതമാനം പൗരൻമാർക്കും സൗജന്യ വാക്സിനേഷനിലൂടെ കൊവിഡ് പ്രതിരോധം ഉറപ്പുവരുത്താനാണ് ധവളപത്രം ആവശ്യപ്പെടുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

പാർട്ടിക്കുള്ളിലും വിദഗ്ദ്ധൻമാരുമായും നടത്തിയ ചർച്ചകളിലൂടെ നാല് വിഭാഗങ്ങളായാണ് ധവളപത്രം തയാറാക്കിയത്. കേന്ദ്രസർക്കാരിന് പറ്റിയ പിഴവുകളാണ് ഒന്നാം ഭാഗത്ത്. രണ്ടാമത്തേതിൽ മൂന്നാം തരംഗം തടയാൻ ആവശ്യമായ നടപടികൾ വിശദീകരിക്കുന്നു. കൊവിഡ് മൂലം വലഞ്ഞവർക്കുള്ള ന്യായ് പോലുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചാണ് മൂന്നാം ഭാഗത്തിൽ. കൊവിഡ് ഒരു ജീവശാസ്ത്ര പ്രതിഭാസം മാത്രമല്ലെന്നും അതിന് സാമ്പത്തികവും സാമൂഹികവുമായ വശമുണ്ടെന്നും രാഹുൽ പറഞ്ഞു. ദുർബ്ബല ജനവിഭാഗങ്ങൾക്കും ചെറുകിട, ഇടത്തരം കച്ചവടർക്കാർക്കും സഹായം നൽകണം. കൊവിഡ് വന്ന് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായത്തെക്കുറിച്ചാണ് നാലാം വിഭാഗം ചർച്ച ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.