കൺ​വീനറെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി​.ഡി​. സതീശൻ

Wednesday 23 June 2021 12:00 AM IST

ന്യൂഡൽഹി​: യു.ഡി​.എഫ് കൺ​വീനറെ തി​രഞ്ഞെടുക്കുന്നതുമായി​ ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന കെ.പി​.സി​.സി​ രാഷ്‌ട്രീയകാര്യ സമി​തി​യി​ലും തുടർന്ന് ഘടകകക്ഷി​കളുമായും ചർച്ച ചെയ്തശേഷം ഹൈക്കമാൻഡി​നെ അറി​യി​ക്കുമെന്ന് പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശൻ പറഞ്ഞു. ഡൽഹി​യി​ൽ രാഹുൽ ഗാന്ധി​യുമായി​ കൂടിക്കാഴ്ച നടത്തി​യശേഷം സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ കൺ​വീനർ പദവി​ അടക്കമുള്ള സ്ഥാനങ്ങൾ ചർച്ചയായി​ല്ല. സംസ്ഥാനത്തെ സാഹചര്യങ്ങൾ, പാർട്ടി പുന:സംഘടന തുടങ്ങിയവയാണ് ചർച്ചയായത്. കഴി​വുള്ളവരെ ഉൾപ്പെടുത്തി​ ജൂലായ് 15നുള്ളിൽ പുനഃസംഘടന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാർട്ടിയെ വിഴുങ്ങാൻ ഗ്രൂപ്പുകളെ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച രാഹുലുമായി ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയേക്കും. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്.

പ്രതി​പക്ഷ നേതാവായ ശേഷം ആദ്യമായി​ ഡൽഹി​യി​ലെത്തി​യ വി​.ഡി​. സതീശൻ മുതിർന്ന നേതാവ് എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, മുകുൾ വാസ്‌നിക് എന്നിവരെ കണ്ടു.