കാവ്യസുഗന്ധവുമായി വന്ന കാറ്റ്

Wednesday 23 June 2021 12:01 AM IST

മലയാള ഭാഷയ്ക്ക് ഒരു സുഗന്ധമുണ്ട്, ലാളിത്യത്തിന്റെ സുഗന്ധം. അതേ സുഗന്ധം തന്റെ രചനയുടെ ഗന്ധമാക്കി മാറ്റിയ കവിയാണ് പൂവച്ചൽ ഖാദർ.

സ്വന്തമായി ഒരു രചനാ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. അതാകട്ടെ വയലാറിന്റേയും ഭാസ്കരൻ മാസ്റ്ററിന്റേയും ഒ.എൻ.വി സാറിന്റേയും ശ്രീകുമാരൻ തമ്പി സാറിന്റേയും ഒക്കെ രചനകളിൽ നിന്ന് വ്യത്യസ്തമായിരുന്നു.

''ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ... ''എന്ന സംഭാഷണ രീതിയിലുള്ള പല പാട്ടുകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

അതിലെല്ലാം മലയാളത്തിന്റെ ലാളിത്യമാണ് തെളിഞ്ഞു നിൽക്കുന്നത്.

എല്ലാറ്റിനും ഉപരി ഒരു നല്ല മനുഷ്യൻ, അതായിരുന്നു പൂവച്ചൽ ഖാദർ. ഇത്തരം നല്ല മനുഷ്യരെ വിരളമായിട്ടേ നമുക്ക് കാണാൻ കഴിയൂ.

ഞാൻ പൂവച്ചൽ ഖാദർ സാറിനെ ആദ്യമായി കാണുന്നത് യേശുദാസ് സാറിന്റെ പഴയ തരംഗിണി സ്റ്റുഡിയോവിൽ വച്ചാണ്. ഇന്ന് ആ തരംഗിണി സ്റ്റുഡിയോ ഇല്ല. അവിടെ റെക്കോഡ് ചെയ്തുകൊണ്ടിരുന്നത് എന്റെ പ്രിയപ്പെട്ട കരുണാകരൻ ചേട്ടനായിരുന്നു. രവീന്ദ്രൻ മാസ്റ്റർ അന്ന് തിരുവനന്തപുരത്ത് വന്നിട്ടുണ്ടായിരുന്നു.

ഞാനെങ്ങനെ പാടുന്നു എന്നറിയാനായി എന്നെ വിളിക്കാൻ തബല വായിക്കുന്ന മണിച്ചേട്ടനോട് പറഞ്ഞു.

ഞാൻ വളരെ വ്യഗ്രതയോടെ തരംഗിണി സ്റ്റുഡിയോയിൽ എത്തി. അവിടെ മാസ്റ്റർ ഉണ്ട്. നാളെ ഒരു റെക്കോഡിംഗ് ഉണ്ട് നീ വന്ന് ട്രാക്ക് പാടണം എന്നു പറഞ്ഞു.

അടുത്ത ദിവസം അവിടെ ചെല്ലുമ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കുറെ ഓർക്കസ്ട്ര ഉണ്ട്. മദ്രാസിൽ നിന്നും പലരും എത്തിയിട്ടുണ്ടായിരുന്നു.

അപ്പോഴാണ് ആദ്യമായിട്ട് ഖാദർ സാറിനെ കാണുന്നത്. ആ പാട്ട് പൂവച്ചൽ ഖാദർ സാറാണ് എഴുതുന്നത്.

സാർ അപ്പോൾ പല്ലവിയേ എഴുതിയിട്ടുള്ളൂ. അനുപല്ലവിയൊക്കെ എഴുതാനിരിക്കുന്നതേയുള്ളൂ. ''ആയില്യം നാളിൽ പ്രിയ സാ‌ർവഭൗമി വരും നേരും... ''എന്നു തുടങ്ങുന്ന വരികളാണെന്നായിരുന്നു ഓർമ്മ. രവീന്ദ്രൻ മാസ്റ്റർ എനിക്ക് ട്യൂൺ പറഞ്ഞു തന്നു. വളരെ കട്ടിയായിട്ടുള്ള ഒരു ഈണമാണ്.

ആ പാട്ട് അന്ന് റെക്കോ‌ർഡ് ചെയ്തു . (റിലീസായില്ല എന്നു തോന്നുന്നു)​

പൂവച്ചൽ ഖാദർ സാർ ഇടയ്ക്ക് എന്റെ അടുത്ത് വന്നിട്ട് 'പാടൂ പാടൂ നന്നായിട്ട് പാടൂ... കോൺഫിഡന്റായി പാടൂ' എന്നൊക്കെ പറഞ്ഞ് ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു

പിന്നെ കുറച്ചുകാലം കഴിഞ്ഞ് ആകാശാവണിക്കു വേണ്ടിയും ദൂരദർശനു വേണ്ടിയും അദ്ദേഹത്തിന്റ ഗാനങ്ങൾ ഈണം നൽകേണ്ട അവസരം ഉണ്ടായിട്ടുണ്ട്.

അദ്ദേഹം അവിടെയുണ്ടാകില്ല. രചന വായിച്ചിട്ട് താഴെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് കാണും

അപ്പോൾ വളരെ സന്തോഷം തോന്നും. മനസിൽ

നാഥാ നീവരും കാലൊച്ച കേൾക്കുവാൻ...,​

മൗനമേ നിറയും മൗനമേ....,​

അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ.... തുടങ്ങിയ ഗാനങ്ങൾ ഓടി വരും.

ഇത്രയും ലാളിത്യത്തോടു കൂടി ഇത്രയും സുന്ദരമായിട്ട് സ്വന്തമൊരു മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ഓരോ ഗാനങ്ങളും പറയും.

'മിഴിതുറക്കൂ' എന്ന സിനിമയ്ക്കു വേണ്ടിയാണ് ഒന്നിച്ചു ജോലി ചെയ്തത്. അപ്പോഴാണ് കൂടുതൽ അടുത്തറിയുന്നത്. സ്നേഹം മാത്രമേയുള്ളൂ അദ്ദേഹത്തിന് പിന്നെ ഒരുപാട് നന്മയും. എപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുന്ന മനസ്... ഒക്കെ എനിക്ക് മനസിലായി.

ഞാനിത്രയും ജൂനിയറായിട്ടും എന്റെ അടുത്ത് വന്നിരുന്ന് പാട്ട് എഴുതുന്നത് ആദ്യമായിട്ട് പാട്ടെഴുതുന്ന ഒരു കുട്ടിയുടെ മനോഭാവത്തോടെയാണ്.

ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയിരുന്നു.

Advertisement
Advertisement