തട്ടിപ്പിന്റെ ഓൺലൈൻ വഴികൾ... 7500 രൂപ മുടക്കിയാൽ ആറര ലക്ഷം അക്കൗണ്ടിൽ!

Wednesday 23 June 2021 12:00 AM IST

ഹരിപ്പാട്: ഓൺലൈൻ ഏജൻസിയായ നാപ്ടോളിന്റെ പേരിൽ തട്ടിപ്പിനു ശ്രമം. സ്ക്രാച്ച് കാർഡിലൂടെ ലഭിച്ച ആറരലക്ഷം അക്കൗണ്ടിലെത്താൻ 7500 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ വിളി ബന്ധുക്കളെ കേൾപ്പിച്ചതോടെയാണ് ഹരിപ്പാട് സ്വദേശി അമ്പിളി തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ടത്.

നാപ്ടോളിന്റെ പേരിൽ വീട്ടിലെത്തിയ പൊതിയിലാണ് സ്ക്രാച്ച് കാർഡ് ലഭിച്ചത്. കാർഡ് ഉരച്ചു നോക്കിയപ്പോൾ ആറര ലക്ഷം രൂപ സമ്മാനമായി ലഭിച്ചെന്ന് കണ്ടു. ഇതോടെ കൂപ്പണിൽ നൽകിയിരുന്ന നമ്പരിൽ ബന്ധപ്പെട്ടു. വാട്സാപ്പ് ഉള്ള നമ്പരിൽ നിന്നു കൂപ്പണിന്റെ ഫോട്ടോ അയച്ചു നൽകാനാണ് ആദ്യം ആവശ്യപ്പെട്ടത്. ഫോട്ടോ അയച്ചു നൽകിയതോടെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു. ഇത് നൽകിയപ്പോൾ അക്കൗണ്ടിലേക്ക് പണം അയച്ചതായും പ്രോസസിംഗ് ഫീസ് അടയ്ക്കാത്തതിനാൽ ട്രാൻസാക്ഷൻ പരാജയപ്പെട്ടതായും വാട്ട്സാപ് സന്ദേശം ലഭിച്ചു. അവർ നൽകിയ അക്കൗണ്ടിലേക്ക് 7500 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു. കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ മാനേജർ നിങ്ങൾക്ക് വേണ്ടി മാത്രം കാത്ത് നിൽക്കുകയാണെന്നും ഉടൻ 7500 രൂപ അയച്ചാൽ ആറരലക്ഷം രൂപ അക്കൗണ്ടിൽ എത്തുമെന്നും പറഞ്ഞു.

സംശയം തോന്നിയ അമ്പിളി സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. പണം അയയ്ക്കേണ്ടെന്ന് അവർ നിർദ്ദേശം നൽകി. തുടർന്ന് നാല് തവണ ഫോണിൽ വിളി വന്നിരുന്നുവെന്ന് യുവതി പറഞ്ഞു. എന്തായാലും കുരുക്കിൽ വീഴാതിരുന്ന ആശ്വാസത്തിലാണ് അമ്പിളിയും കുടുംബവും.

ശ്രദ്ധ വേണം

 ഫോണിലെ സംസാരം മലയാളത്തിൽ

 യാതൊരു സംശയത്തിനും ഇടയില്ല

 പ്രമുഖ ബ്രാൻഡുകളുടെ പേരിലാവും തട്ടിപ്പ്

 ഒ.ടി.പിയോ പണമോ കൈമാറരുത്

 സംശയമുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക

Advertisement
Advertisement