ലോട്ടറി വിൽപ്പനക്കാർ ചോദിക്കുന്നു: ഇനിയെങ്കിലും തുണയ്ക്കുമോ ഭാഗ്യം?

Wednesday 23 June 2021 12:00 AM IST

തൃശൂർ: കൊവിഡ് ലോക്ക്ഡൗണിൽ ഏറെക്കാലം പട്ടിണിയിലായത് ലോട്ടറി വിൽപ്പനക്കാർ. സാധാരണക്കാരുമായി അടുത്തിടപഴകുന്ന വിഭാഗമായതിനാൽ കൊവിഡ് തുടങ്ങിയതുമുതൽ ലോക്കിലായി ഇവരുടെ ഉപജീവനമാർഗം.

ടിക്കറ്റ് തിരഞ്ഞെടുക്കുമ്പോഴും മറ്റും ഏറ്റവും കൂടുതൽ സമ്പർക്കത്തിന് സാദ്ധ്യതയുള്ള മേഖലയാണ് ലോട്ടറി. ഭാഗ്യമുണ്ടോയെന്ന് പരീക്ഷിക്കാനും ചില്ലറയ്ക്ക് വേണ്ടിയും വിൽപ്പനക്കാരന്റെ ദുരവസ്ഥ കണ്ടും ടിക്കറ്റെടുക്കുന്നവർ ഏറെ. സമ്പർക്ക സാദ്ധ്യത നിലനിൽക്കുന്ന തൊഴിലായതിനാൽ കൊവിഡിന്റെ ആദ്യവരവിലും രണ്ടാം വരവിലും ഏറെനാളും നിശ്ചലമായിരുന്നു ലോട്ടറി മേഖല.

നിർദ്ധനരും വൃദ്ധരും ശാരീരിക വൈകല്യമുള്ളവരുമാണ് ഭൂരിഭാഗം ലോട്ടറി വിൽപ്പനക്കാരും. മറ്റൊരു തൊഴിലും ചെയ്യാനാകാതെയാണ് ലോട്ടറി തൊഴിലാളികളുടെ വേഷം അണിയുന്നത്.
രണ്ടാം തരംഗത്തിലെ ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് ലോട്ടറി വിൽപ്പനയ്ക്ക് അനുമതി ലഭിച്ചത്. എടുത്തുവച്ച ടിക്കറ്റുകൾ ഏജൻസികൾ തിരിച്ചെടുക്കാത്തതിനാൽ ഏജന്റുമാർക്കും വലിയ തുക നഷ്ടമുണ്ടായി. എന്നാൽ സർക്കാരിന് ഈ ഇനത്തിൽ വലിയ നഷ്ടമുണ്ടായില്ലെന്ന് കണക്കുകൾ പറയുന്നു.

1 കോടി 8 ലക്ഷം ടിക്കറ്റായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. 80 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയി. 20 ശതമാനം 30 ശതമാനം ടിക്കറ്റുകളും ഏജന്റുമാരുടെയും തൊഴിലാളികളുടെയും കയ്യിൽപ്പെട്ടു. ലോക്ക് ഡൗൺ കാലയളവിലെ 9 നറുക്കെടുപ്പുകൾ നടത്താനുണ്ട്. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ നറുക്കെടുപ്പ് ഈ മാസം 25 നാണ്.

ആഴ്ചയിൽ രണ്ടു ദിവസമാണ് ലോട്ടറി കടകൾക്ക് ഇപ്പോൾ പ്രവർത്തനാനുമതിയുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ് നടത്താറുള്ളത്. ടിക്കറ്റുകൾ വിൽപ്പന നടത്താനുള്ള സമയം പോലും ലഭിക്കാത്ത സ്ഥിതിയാണ്. കൊവിഡ് മൂലം ലോട്ടറിക്കടകൾ തുറന്നിട്ടും കച്ചവടമില്ലാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. ടിക്കറ്റ് വാങ്ങാനും ജനങ്ങൾ ഭയക്കുന്നുണ്ട്.

ടിക്കറ്റ് വിലവർദ്ധന തിരിച്ചടിയായി

ലോട്ടറി വില വർദ്ധിപ്പിച്ചത് മേഖലയെ വൻ ദുരിതത്തിലാക്കി. 20 രൂപയായിരുന്ന വില രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിച്ച് ഇപ്പോൾ 40 രൂപയാണ്. 25,600 ടിക്കറ്റ് വിറ്റിരുന്ന ഹോൾസെയിൽ കടകളിൽ ഇപ്പോൾ പ്രതിദിനം 1500 ടിക്കറ്റുകളാണ് വിറ്റുപോകുന്നത്. വിലവർദ്ധന മൂലം പലരും ടിക്കറ്റെടുക്കാതായി.

ഏജന്റിന് ലഭിക്കുന്ന കമ്മിഷൻ തുച്ഛം

40 രൂപയുടെ ടിക്കറ്റ് ഏജന്റ് നേരിട്ട് വിൽപ്പന നടത്തിയാൽ 7.86 പൈസ കമ്മിഷൻ ഇനത്തിൽ ലഭിക്കും. ഏജൻസികൾ മുഖേനയുള്ള ടിക്കറ്റാകുമ്പോൾ 5 രൂപയെ ഏജന്റിന് കമ്മിഷൻ ലഭിക്കൂ.

ക്ഷേമനിധിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപ പോലും ലോട്ടറി തൊഴിലാളികൾക്ക് ഇത്തവണ ലഭിച്ചിട്ടില്ല. 5000 രൂപ പണമായും 5000 രൂപ ലോട്ടറി ആരംഭിക്കുമ്പോൾ ഓരോ തൊഴിലാളിക്കും കൂപ്പണായും നൽകണം. ടിക്കറ്റുകളുടെ വില 30 രൂപയാക്കണം.

- സി.ടി. ഡാന്റസ് (ജില്ലാ വർക്കിംഗ് പ്രസിഡന്റ്, ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ്)

ജില്ലയിൽ:

ലോട്ടറി വിൽപ്പന തൊഴിലാളികൾ - 60,000

ലോട്ടറി വിൽപ്പന കേന്ദ്രങ്ങൾ - 350

ക്ഷേമനിധിയിലുള്ളവർ - 32,000 (60 വയസ് വരെയുള്ളവർ മാത്രം)

Advertisement
Advertisement