സ്ഥലം മാറ്റം: ഭരണസമിതി വിളിക്കണമെന്ന്

Wednesday 23 June 2021 1:38 AM IST

ഗുരുവായൂർ: ദേവസ്വം ജീവനക്കാരെ സ്ഥലം മാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും സ്ഥലംമാറ്റം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ദേവസ്വം ഭരണസമിതി യോഗം അടിയന്തരമായി വിളിച്ചുക്കൂട്ടണമെന്നും ആവശ്യപ്പെട്ട് ഭരണ സമിതി അംഗങ്ങൾ രംഗത്ത്. ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ. അജിത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, കെ.വി. മോഹനകൃഷ്ണൻ എന്നിവർ ചേർന്നാണ് ദേവസ്വം ചെയർമാന് കത്ത് നൽകിയത്.

ദേവസ്വത്തിലെ ഏതാനും ജീവനക്കാരെ ചുമതലകളിൽ നിന്ന് മാറ്റം വരുത്തിയ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കത്തിൽ പറയുന്നത്. ഇക്കാര്യം ഭരണസമിതി യോഗം ചർച്ച ചെയ്ത് ഭേദഗതി വരുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണ സമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയും സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷന്റെ ജോയിന്റ് സെക്രട്ടറിയുമായ എ.വി. പ്രശാന്ത് ഉൾപ്പെടെ ഉള്ളവരെയാണ് അഡ്മിനിസ്‌ട്രേറ്റർ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയത്. ഇതാണ് ഭരണ സമിതിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഏറെക്കാലമായി ദേവസ്വം ഭരണ സമിതി അംഗങ്ങൾ രണ്ടു ചേരിയായാണ് മുന്നോട്ട് പോകുന്നത്.

Advertisement
Advertisement