പേട്ട ഓവർബ്രിഡ്ജിന്റെ പാർശ്വഭിത്തി നിർമ്മാണം ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കും

Wednesday 23 June 2021 3:52 AM IST

അറ്റക്കുറ്റപ്പണികൾക്ക് കരാറായി

തിരുവനന്തപുരം:പേട്ട റെയിൽവേ ഓവർബ്രിഡ്ജിന്റെ ഒരു വശത്തുള്ള കരിങ്കല്ല് ഭിത്തി പൂർണമായും റോഡിലേക്ക് ഇടിഞ്ഞുവീണതിന്റെ പുനർനിർമ്മാണം ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കാൻ കരാറായി. ഇന്നലെ പാർശ്വഭിത്തി ഇടിഞ്ഞ് വീണതിന്റെയും സമീപത്തെ റോഡിന്റെയും അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റോ‌ഡ് ഫണ്ട് ബോർഡ് അധികൃതർ കരാർ നടപടികൾ വേഗത്തിലാക്കിയത്. സാദ്ധ്യമാകുന്ന രീതിയിൽ എത്രയും വേഗം പണി പൂർത്തീകരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്.. 55 ലക്ഷം രൂപയ്ക്ക് ആധുനിക രീതിയിൽ 4 മീറ്റർ നീളത്തിലാണ് പാശ്വഭിത്തി നിർമ്മിക്കുന്നത്.

 വിഷയത്തിൽ ഇടപെട്ട് മന്ത്രി

സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റോഡ് ഫണ്ട് ബോർഡിന്റെ ചീഫ് എൻജിനീയറോട് ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാനും മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

Advertisement
Advertisement